തിരുവനന്തപുരം: മെഡിക്കല്‍കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ആക്രമണം നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പി-സി.പി.എം സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തോടെയാണ് നിയമസഭ സമ്മേളനം ആരംഭിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയും മുദ്രാവാക്യം വിളികളോടെയാണ് പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിച്ചത്. മുസ്‌ലിം ലീഗ് അംഗങ്ങളും മെഡിക്കല്‍ കോഴ വിഷയം സഭയില്‍ ഉന്നയിച്ചു. ബി.ജെ.പി നേതാക്കളുടെ സാമ്പത്തികാവസ്ഥ കുറച്ചുകാലമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. ഇതില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കല്‍കോഴ ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും കേന്ദ്രഏജന്‍സിയുടെ അന്വേഷണം ആവശ്യമായ ഘട്ടത്തില്‍ പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍കോഴയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. ഇത് പൂര്‍ത്തിയായ ശേഷം വേണമെങ്കില്‍ കേന്ദ്രഏജന്‍സിക്ക് വിടാം. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ ഇക്കാര്യം ആലോചിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.