ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമര്‍ശത്തിനെതിരെ ലോക്‌സഭയില്‍ ഇടതു എം.പിമാരുടെ ബഹളം. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു.
പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് എന്നായിരുന്നു ബി.ജെ.പി എംപിമാരുടെ പരാമര്‍ശം. ഇത് പിന്‍വലിക്കണമെന്നും ക്ഷമ പറയണമെന്നും ആവശ്യപ്പെട്ടാണ് ഇടതു എം.പിമാര്‍ ബഹളം വച്ചത്. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ നടപടികള്‍ അല്‍പ്പസമയത്തേക്ക് തടസ്സപ്പെടുകയായിരുന്നു. സഭയില്‍ ഇല്ലാത്ത ആളെ പേരുകളെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് എം.പിമാര്‍ പറഞ്ഞു.
ബുധനാഴ്ച്ച ശൂന്യവേളയിലാണ് പ്രഹ്ലാദ് ജോഷിയും മീനാക്ഷി ലേഖിയും പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കേരളം ദൈവം കയ്യൊഴിഞ്ഞ നാടായിരിക്കുന്നുവെന്നായിരുന്നു ആക്ഷേപം. സി.പി.എമ്മിനെ ആക്രമണകാരികളായും കോണ്‍ഗ്രസ്സിനേയും മുസ്‌ലിം ലീഗിനേയും തങ്ങള്‍ക്കൊപ്പം ഇരകളായും ബി.ജെ.പി പറഞ്ഞിരുന്നു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുനിരത്തിയും അവര്‍ സംസാരിച്ചു. എന്നാല്‍ ഇത് പിന്‍വലിക്കണമെന്നാണ് ഇടത് എം.പിമാര്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച്ച നടന്ന രാജേഷിന്റെ കൊലപാതകവും ബി.ജെ.പി പരാമര്‍ശിച്ചിരുന്നു.