മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ‘ഹിറ്റ്ലറായി’ മാറിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇതിന് തെളിവാണ് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേര്‍ക്ക് പൊലീസ് നടത്തിയ നരനായാട്ടെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതയ്ക്കാന്‍ പൊലീസിന്റെ കൈയില്‍ കുറുവടിയും നല്‍കി പറഞ്ഞയക്കാന്‍ കഴിയുന്ന നിലവാരത്തിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി തരംതാഴ്ന്നിരിക്കുന്നുവെന്നും മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ച പിണറായി വിജയന്റെ പൊലീസ് നടപടി മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെപ്പോലും നാണിപ്പിക്കുന്നതാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ഒരു പ്രകോപനവുമില്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേര്‍ക്ക് പൊലീസ് അഴിഞ്ഞാട്ടം നടത്തിയതെന്നും നേതാക്കളെ തിരഞ്ഞുപിടിച്ച് തല്ലിച്ചതയ്ക്കാന്‍ പൊലീസ് കാണിച്ച ഉത്സാഹം നികൃഷ്ടമാണെന്നും പറഞ്ഞ വേണുഗോപാല്‍ പരിക്കേറ്റവരെ പോലീസ് സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറാകാതിരുന്ന നടപടി മാര്‍ക്സിസ്റ്റ് ഭീകരതയുടെ പര്യായമാണെന്നും ആവര്‍ത്തിച്ചു.
എന്നാല്‍ എക്കാലവും പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി തുടരുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനും കരുതണ്ടെന്നും മര്‍ദനം ഭയന്ന് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കതകുമടച്ച് വീട്ടില്‍ക്കയറി ഇരിക്കുമെന്ന തെറ്റിദ്ധാരണ വേണ്ടെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.