തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും. മന്ത്രി ഇപി ജയരാജന്റെ ബന്ധുവിനെ നിയമിച്ചതിന്റെ വിവാദ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടേയും ബന്ധുവിന്റെ നിയമനം വിവാദമാകുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്റിംഗ് കോണ്‍സലായി നിയമിതനായ ടി നവീന്‍ പിണറായിയുടെ ഭാര്യാസഹോദരിയുടെ മകനാണ്. ഇടത് സര്‍ക്കാര്‍ നിലവില്‍ വന്നയുടനെയായിരുന്നു നിയമനം.
ബിവറേജസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയും നവീനാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ വകുപ്പിന് കീഴിലുള്ളതാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. എന്നാല്‍ സ്റ്റാന്റിംഗ് കോണ്‍സലായി നിയമിതനായ നവീന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണോ എന്ന് തനിക്കറിയില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
നേരത്തെ മന്ത്രി ഇപി ജയരാജന്റെ ബന്ധുവിനെ നിയമിച്ചതുമായി വിവാദം ഉയര്‍ന്നിരുന്നു. വിവാദത്തെ തുടര്‍ന്ന് പിന്നീട് നിയമനം റദ്ദാക്കുകയും ചെയ്തു. മന്ത്രിയായിരിക്കെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലുള്‍പ്പെടുത്തിയത് പാര്‍ട്ടി അറിവോടെയാണെന്ന് പികെ ശ്രീമതിയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീമതി ടീച്ചറുടെ പോസ്റ്റ് ചര്‍ച്ചയായതോടെ പിന്‍വലിക്കുകയും ചെയ്തു.