സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുന:സ്ഥാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ കേരളം ചരിത്രത്തിലെ ഏറ്റവും വലിയ റേഷന്‍ ക്ഷാമത്തിലേക്ക്. പൊതുവിപണിയില്‍ രൂക്ഷമായ വിലക്കയറ്റവും റേഷന്‍ കടകളില്‍ അരി കിട്ടാത്ത സാഹചര്യവും നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ ഇരുട്ടടി.
അരി നല്‍കാനാവില്ലെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ സംസ്ഥാനത്തെ അറിയിച്ചു.അരി വിഹിതം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. റേഷന്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാറാണെന്ന് കേരളവും, നല്‍കിയ അരി വിതരണം ചെയ്യാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് തിരിച്ചടിച്ച് കേന്ദ്രവും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് അരി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തുറന്നുപറഞ്ഞത്.
കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതു മുതല്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ അരിയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയതോടെ എ.പി.എല്‍, ബി.പി.എല്‍ വിഭജനം ഇല്ലാതായെന്നും ഉയര്‍ന്ന നിരക്കിലല്ലാതെ അധിക ഭക്ഷ്യധാന്യം നല്‍കാനാകില്ലെന്നുമാണ് കേന്ദ്രം പറയുന്നത്. കേരളത്തിന് അര്‍ഹതപ്പെട്ട 16.25 ലക്ഷം മെട്രിക് ടണ്‍ അരി കിട്ടിയേ മതിയാകുവെന്ന ആവശ്യം ഭരണ, പ്രതിപക്ഷങ്ങള്‍ ഐകകണ്‌ഠ്യേനയാണ് ആവശ്യപ്പെട്ടത്.
കേരളത്തിന് അര്‍ഹതപ്പെട്ട രണ്ടുലക്ഷം മെട്രിക് ടണ്‍ അരി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ സബ്‌സിഡി നിരക്കില്‍ തന്നെ നേടിയെടുക്കണമെന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസവും നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉയര്‍ന്ന വില നല്‍കിയാല്‍ മാത്രമേ രണ്ടുലക്ഷം മെട്രിക് ടണ്‍ അരി നല്‍കാനാവൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഭക്ഷ്യഭദ്രത നിയമം പാസാക്കുമ്പോള്‍ കേരളത്തിന് നിശ്ചയിച്ചിരുന്നത് 10.25 ലക്ഷം മെട്രിക് ടണ്‍ അരി മാത്രമായിരുന്നു. 16.25 മെട്രിക് ടണ്‍ ആണ് ആവശ്യം. യു.പി.എ സര്‍ക്കാര്‍ ഇത് 14.25 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്തി. രണ്ടുലക്ഷം മെട്രിക് ടണ്‍ അഡീഷണല്‍ ക്വാട്ടയില്‍ നല്‍കാമെന്ന ധാരണയുണ്ടായിരുന്നു. യു.പി.എ സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് മോദി സര്‍ക്കാര്‍ ലംഘിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ മാത്രമേ അധിക ഭക്ഷ്യധാന്യം നല്‍കാനാകൂവെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഇപ്പോഴത്തെ സാഹചര്യം എങ്ങനെ മറികടക്കാനാവുമെന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചന തുടങ്ങി. നിലവില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ നിന്ന് കിലോക്ക് 24.5 രൂപ നല്‍കിയാണ് ഓപ്പണ്‍ മാര്‍ക്കറ്റ് പദ്ധതി പ്രകാരം സംസ്ഥാനം അരി വാങ്ങുന്നതെന്നും ഇക്കണോമിക് നിരക്കില്‍ അരിവില ഇതിലും കൂടുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു.