തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരില്‍ കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ സ്ഥലം എസ്.ഐ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷക്ക് എസ്.ഐ ഇല്ലായിരുന്നുവെന്ന മുന്‍ നിലപാട് തിരുത്തിയാണ് പിണറായി വിജയന്റെ പുതിയ പ്രതികരണം.
കെവിനെ കാണാനില്ലെന്ന് ഭാര്യ നീനു പരാതിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്ന് പൊലീസ് അറിയിച്ചുവെന്ന് നീനു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ തന്റെ സുരക്ഷാ ചുമതലയില്‍ എസ്.ഐ ഇല്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യമാണ് മുഖ്യമന്ത്രി ഇന്ന് തിരുത്തിയത്. മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു പിണറായിയുടെ പ്രതികരണം.
നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനു പകരം പൊലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു.
മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മമാണ് ചെയ്യേണ്ടത്. അതിനു പകരം തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പൊലീസിനാകെ വീഴ്ച സംഭവിച്ചതായി കാണുന്നില്ല. 60,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളതെന്നും ഡി.ജി.പിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ എന്തിനെന്ന ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ല. സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. രമേശ് ചെന്നിത്തല വിടുവായത്തം പറയാന്‍ കേമനാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടില്ലെന്നും പിണറായി കുറ്റപ്പെടുത്തി.