X
    Categories: MoreViews

വിവാഹ സദസ്സില്‍ നിന്ന് ഭാര്യയോടൊപ്പം ഇറങ്ങിപ്പോന്ന സംഭവത്തെക്കുറിച്ച് നിയമസഭയില്‍ പിണറായി

തിരുവനന്തപുരം: ഭാര്യ കമലയോടൊപ്പം ആര്‍ഭാടവിവാഹവേദിയില്‍ നിന്നിറങ്ങിപ്പോന്ന സംഭവത്തെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ഭാടവിവാഹങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുല്ലക്കര രത്‌നാകരനാണ് സഭയില്‍ ശ്രദ്ധ ക്ഷണിച്ചത്. അതിന് മറുപടിയായാണ് മുഖ്യമന്ത്രി സ്വന്തം അനുഭവം പങ്കുവെച്ചത്.

തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തിന് പങ്കെടുക്കാനെത്തിയപ്പോഴാണ് ഇവന്റ്മാനേജ്‌മെന്റിന്റെ അതിരുവിട്ട പ്രയോഗങ്ങള്‍ കണ്ടതെന്ന് പിണറായി പറഞ്ഞു. കയ്യടിച്ചായിരുന്നു ഓരോരുത്തരേയും സ്വീകരിച്ചിരുന്നത്. എന്നാല്‍ കയ്യടി ആദ്യമൊക്കെ അനുസരിക്കുകയായിരുന്നു താന്‍. പിന്നീട് വധൂവരന്‍മാരെ ആനയിക്കുമ്പോള്‍ സദസ് മുഴുവന്‍ എണീറ്റുനിന്ന് കയ്യടിക്കണമെന്ന് ഇവന്റ്മാനേജുമെന്റുകാര്‍ ആവശ്യപ്പെടുകയായിരുന്നത്രേ. കയ്യടിച്ചതിന് ശേഷം ഉടന്‍തന്നെ താന്‍ ഭാര്യയോട് ഇപ്പോഴിറങ്ങണമെന്ന് ആവശ്യപ്പൈട്ടുവെന്നും സദ്യ കഴിക്കാതെ അവിടെ നിന്നും ഇറങ്ങിയെന്നും പിണറായി പറഞ്ഞു. വിവാഹവേദിയില്‍ ചെന്നാല്‍ മാത്രമേ ആര്‍ഭാടവിവാഹമാണെന്ന് മനസ്സിലാകൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകളുടെ വിവാഹം ലളിതമായി നടത്തിയ സൂര്യകൃഷ്ണമൂര്‍ത്തിയെ കണ്ട് പഠിക്കണമെന്ന് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞപ്പോള്‍ ബിനോയ് വിശ്വത്തെ അറിയുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. തന്റെ കണ്‍സപ്റ്റിലെ ലളിത വിവാഹം നടത്തിയത് ബിനോയ് വിശ്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്രയില്‍ വരനെയും, വധുവിനെയും ജെസിബിയിലേറ്റി ഘോഷയാത്ര നടത്തിയതും ഗതാഗതം താറുമാറായപ്പോള്‍ വരനെ അറസ്റ്റ് ചെയ്ത സംഭവവും മുല്ലക്കര ചൂണ്ടിക്കാട്ടിയിരുന്നു.

chandrika: