തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആശയക്കുഴപ്പമുണ്ടാക്കുന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ അടിത്തറ തകരുമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. എന്നാല്‍ ഫലം വന്നതോടെ ലീഗിന്റെ അടിത്തറ ഭദ്രമാണെന്ന് മാത്രമല്ല മുഖ്യമന്ത്രിയുടെ ജന്‍മനാട്ടിലടക്കം സിപിഎമ്മിന്റെ അടിത്തറ ലീഗ് മാന്തുന്നതാണ് കേരളം കണ്ടത്.
ഇതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പിണറായി രംഗത്ത് വന്നിരിക്കുന്നത്. കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ ലീഗ് ആവശ്യപ്പെട്ടു എന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി എഴുന്നള്ളിക്കുന്നത്. കോണ്‍ഗ്രസിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നത് ലീഗാണെന്നും പിണറായി ആരോപിക്കുന്നു.
ലീഗിന്റെ അടിത്തറ തകരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫലം വന്നപ്പോള്‍ മലക്കം മറിഞ്ഞ് പുതിയ തന്ത്രം പയറ്റുകയാണ്. ലീഗിന്റെ അടിത്തറ തകരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ലീഗ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന ശക്തിയായി മാറിയെന്നാണ്. യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്ന രീതിയില്‍ വര്‍ഗീയത ഒളിച്ചുകടത്താനും മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് അടിത്തറ ഭദ്രമാണെന്ന് തെളിഞ്ഞതോടെ യുഡിഎഫ് സംവിധാനത്തില്‍ വിള്ളല്‍ വീഴ്ത്താനാവുമോയെന്ന് ശ്രമമാണ് പുതിയ നീക്കത്തിലൂടെ മുഖ്യമന്ത്രി നടത്തുന്നത്.