X
    Categories: keralaNews

ജലീലിനെ ഇഡി ചോദ്യം ചെയ്തു; ജലീല്‍ അത് മറച്ചുവെച്ചത് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്‌തെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെതിരെ ഇഡിക്ക് ഒരുപാട് പരാതി ലഭിച്ചിരുന്നു. മന്ത്രി ജലീല്‍ തന്നെ ചോദ്യം ചെയ്ത കാര്യം മറച്ചുവെച്ച കാര്യം അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീലിനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഖുര്‍ആന്‍ കൊണ്ടുവന്നതിനാണ് ജലീലിനെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ മാത്രം ജലീല്‍ രാജിവെക്കേണ്ട കാര്യമില്ല. നേരത്തെയും നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇ.പി ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കര്‍ തുറന്നതില്‍ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതിനിടെ ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. എംഎസ്എഫ്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ ജലീലിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചാണ് പൊലീസ് സമരങ്ങളെ നേരിടുന്നത്. ജലീല്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: