X
    Categories: MoreViews

പച്ചമനുഷ്യരെ അരിഞ്ഞു വീഴ്ത്തിയാണ് പിണറായി നവകേരളം സൃഷ്ടിക്കുന്നത്: പ്രതിപക്ഷ ഉപനേതാവ്

 

തിരുവനന്തപുരം: എതിരാളികളെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ച് പുറത്തു വന്ന യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം സഭാകവാടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമാണ് സി.പി.എം എതിരാളികളെ കൊല്ലുന്നത്. ഇത് ഗൗരവമായെടുക്കണം.
മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകനായ സഫീറിനെ സി.പി.ഐ നിര്‍ദേശപ്രകാരമാണ് കൊലപ്പെടുത്തിയത്. അവിടെ മുമ്പും ബോംബേറ് നടന്നു. സഫീറിന് നേരെ മുമ്പും വധശ്രമമുണ്ടായി. അപ്പോള്‍ പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ ഇത് തടയാമായിരുന്നു. ഷുഹൈബിന്റെ വധം ആസൂത്രിതമാണെന്ന് തെളിയുകയാണ്. കൈ വെട്ടും, കാലെടുക്കും വേണ്ടി വന്നാല്‍ കൊല്ലുമെന്നും മുന്നറിയിപ്പ് നല്‍കിയത് ഷുഹൈബിനെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ആ ഘട്ടത്തില്‍ തന്നെ പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ ഈ വധം തടയാമായിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും സി.ബി.ഐ അന്വേഷണം നടത്താമെന്നും കണ്ണൂരിലെ സര്‍വകക്ഷിയോഗത്തില്‍ പ്രഖ്യാപിച്ച മന്ത്രി എ.കെ ബാലന്‍ പിന്നീട് അതില്‍ നിന്നും പിന്നോക്കം പോയി.. സി.പി.എം സമ്മേളനത്തില്‍ കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞതെന്നും മുനീര്‍ പറഞ്ഞു.
പൊലീസ് അന്വേഷിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി സ്വന്തം നിലക്ക് അന്വേഷിക്കുമെന്നും പി. ജയരാജന്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് കണ്ണൂര്‍ എസ്.പി പറയാന്‍ കാരണം. പൊലീസില്‍ നിന്നും പലതും ചോരുന്നുണ്ടെന്നുള്ള എസ്.പിയുടെ വെളിപ്പെടുത്തലിലൂടെ സംഭവത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ഇടപെടലുണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത്. ഷുഹൈബ് എന്തോ കേസില്‍ പെട്ടു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ മരണം അനിവാര്യമായിരുന്നു എന്നതിന്റെ സൂചനയാണ്. ഇതിനേക്കാള്‍ വലിയ കേസില്‍ ഷുഹൈബിന്റെ കൊലയാളിയായ ആകാശ് ഉള്‍പ്പെട്ടിട്ടും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഷുഹൈബിനെ തെറ്റുകാരനാക്കാനും ആകാശിനെ ന്യായീകരിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമം നിര്‍ഭാഗ്യകരമാണെന്നും മുനീര്‍ പറഞ്ഞു.

chandrika: