X

വൈദ്യുതിക്കാലില്‍ തട്ടിപ്പിളര്‍ന്നൊരു വെടിയുണ്ട

നരേന്ദ്രമോദിക്ക് പഠിക്കുകയാണ് പിണറായി വിജയനെന്ന് പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. നൂറ്റമ്പതോളം ആളുകള്‍ ക്യൂവില്‍ നിന്ന് മരിച്ചിട്ടും അച്ചടിച്ച് പുറത്തുവിട്ട നോട്ടത്രയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയിട്ടും നോട്ട് നിരോധനത്തില്‍ നിന്ന് പിന്‍മാറാത്തതാണ് ഡല്‍ഹിയിലെ അമ്പത്താറിഞ്ച് നെഞ്ചെങ്കില്‍ മകന്‍ മരിച്ച അമ്മയോട് ഒന്ന് സംസാരിക്കാന്‍ പോലും അനുവദിക്കാത്തതാണ് ഇവിടത്തെ ഇരട്ടച്ചങ്ക്. ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും രക്ഷാപാതയൊരുക്കി പ്രിയങ്കരനായ ലോക്‌നാഥ് ബെഹ്‌റയെ കേരളത്തിലെ പൊലീസ് മേധാവിയായി നിയമിച്ചത് അല്‍പം ചോര പൊടിച്ചാണ്. കാലാവധി കഴിയും മുമ്പെ സെന്‍കുമാറിനെ ഡി.ജി.പിയല്ലാതാക്കിയും സീനിയോറിറ്റി കൊണ്ട് മുകളിലുള്ളവരെ പലേടത്തായി ഒതുക്കിയും വല്ലാണ്ട് കഷ്ടപ്പെട്ടു. പിണറായിയുടെ ആഭ്യന്തര ഭരണം എട്ട് മാസം കൊണ്ട് എട്ടില്‍ പൊട്ടി നില്‍ക്കുമ്പോഴാണ് മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ ആഭ്യന്തരത്തില്‍ ഉപദേഷ്ടാവായി വെക്കുന്നത്. 2005ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മുറപ്രകാരം ഡി.ജി.പിയായ രമണ്‍ ശ്രീവാസ്തവയെ 2006ല്‍ വന്ന ഇടതു സര്‍ക്കാര്‍ 2008വരെ തുടരാന്‍ അനവദിച്ചിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്നതുകൊണ്ടു കൂടിയാണ് പിണറായിയുടെ ഉപദേശിപ്പട്ടികയില്‍ മുന്‍ അതിര്‍ത്തി രക്ഷാ സേന ഡയരക്ടര്‍ ജനറലിനെ നിയമിക്കുന്നത്.

രമണ്‍ ശ്രീവാസ്തവ എന്ന ഉത്തര്‍പ്രദേശുകാരന്‍ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെ പിണറായിക്കും കൂട്ടര്‍ക്കും കരതലാമലകം പോലെ അറിയും. 1991 ഡിസമ്പര്‍ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ വീട്ടിന്റെ മുറ്റത്ത് മണ്ണപ്പം ചുട്ടുകളിച്ചിരുന്ന സിറാജുന്നിസയെന്ന പതിനൊന്നുകാരിയുടെ തലയോട്ടി പിളര്‍ത്തി കടന്നുപോയ വെടിയുണ്ട പുറപ്പെട്ടത് രമണ്‍ ശ്രീവാസ്തവയുടെ അണ്ണാക്കില്‍ നിന്നായിരുന്നു. പിന്നൊയൊരിക്കല്‍ കേരളത്തെ പിടിച്ചുലച്ച ഐ.എസ്.ആര്‍.ഒ കേസിന്റെ ചാരത്തിനടിയിലും ഈ പേര്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. ജിഷ്ണു പ്രണോയ് എന്ന കൗമാരക്കാരന്റെ മരണത്തില്‍ മനസ്സ് നീറിയ ഒരമ്മയുടെ കണ്ണീര്‍ നനവ് മായാതിരിക്കുമ്പോള്‍ തന്നെ രമണ്‍ ശ്രീവാസ്തവ കേരള പൊലീസിന് ഉപദേശിയായി എത്തുന്നുവെന്നത് യാദൃച്ഛികമാണെന്ന് കരുതുകയാവും നല്ലത്. ടോമിന്‍ തച്ചങ്കരി എന്ന ഐ.പി.എസുകാരനുമായി ബന്ധമുണ്ടെന്ന് പറയുന്ന കൊച്ചിയിലെ സ്റ്റുഡിയോയിലേക്ക് പൈറസി പിടിക്കാന്‍ കുതിച്ച ഐ.പി.എസുകാരന്‍ ഋഷിരാജ് സിങിനെ തേടിയെത്തിയ വിളി അന്ന് ഡി.ജി.പിയായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ ഫോണില്‍ നിന്നായിരുന്നു. ഫോണിന് ഋഷിരാജ്‌സിങ് ചെവി കൊടുക്കില്ലെന്ന് കണ്ടപ്പോള്‍ രേഖാമൂലം റെയ്ഡ് തടയാന്‍ ഉള്ള ഒരു ചങ്ക് ഇദ്ദേഹത്തിനുണ്ടായിരുന്നു.

അന്ന് രമണ്‍ ശ്രീവാസ്തവ ഉത്തരമേഖല ഐ.ജി മാത്രം. ബി.ജെ.പിയുടെ മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്രക്ക് ചൂട്ട് പിടിച്ച് കേരളത്തിലൂടെ നടത്തിയ ഉപയോത്രക്ക് പാലക്കാട് മേപ്പറമ്പില്‍ ആരോ കല്ലെറിഞ്ഞുപോലും. പുതുപ്പള്ളിത്തെരുവിലൂടെ കടന്നുപോയ എ.എസ്.പി സന്ധ്യക്ക് കിട്ടിയത് വെടി വെക്കാനുള്ള ഐ.ജിയുടെ ഉത്തരവാണ്. അതും വയര്‍ലെസ് സെറ്റിലൂടെ. വെടി വെക്കേണ്ട ആവശ്യമില്ലെന്ന എ.എസ്.പിയുടെ അഭിപ്രായം തള്ളിയ ഏമാന് ഒരു ബാലികയുടെ ശവം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതാണ് സിറാജുന്നിസ സംഭവം. രമണ്‍ ശ്രീവാസ്തവയുടെ പ്രാഗത്ഭ്യത്തിന്റെ തെളിവാണ് പുതിയ ഉപദേശി നിയമനം. മുന്‍ സര്‍ക്കാര്‍ നിയമിച്ച ഡി.ജി.പിയെ കഴിവുകേടിന്റെ പേരില്‍ മാറ്റിയതുമായി ബന്ധപ്പെട്ട കേസും വിചാരണയും നടക്കുമ്പോഴാണ്, മുന്‍ സര്‍ക്കാര്‍ നിയമിച്ചയാളെ കാലാവധി തീരും വരെ തുടരാന്‍ അനുവദിച്ച ഡി.ജി.പിയെ ഉപദേശകനാക്കുന്നത്.
2009ല്‍ ഇദ്ദേഹം ഡല്‍ഹിക്കു പോയി. ബോര്‍ഡര്‍ പട്രോള്‍ ഏജന്‍സിയുടെ ഡയരക്ടര്‍ ജനറല്‍, ബി.എസ്.എഫ് ഡയരക്ടര്‍ ജനറല്‍, കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ഒ.എന്‍.ജി.സി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളിലിരുന്നു സേവനം അര്‍പ്പിച്ചു. ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ശ്രമകരമായ ജോലി ബി.എസ്.എഫിലേതായിരുന്നുവെന്ന് 1973 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഇദ്ദേഹം പറയും. രമണിന്റെ സഹോദരന്‍ വിക്രമും ഐ.പി.എസുകാരനാണ്. യു.പി കേഡറിലായ അദ്ദേഹവും സി.ആര്‍.പി.എഫ്, ഇന്തോ ടിബറ്റന്‍ പൊലീസ് എന്നിവയുടെ ഡയരക്ടര്‍ ജനറലായിന്നു. 1951 ഒക്‌ടോബര്‍ 24നാണ് രമണിന്റെ ജനനമെങ്കില്‍ രേഖ പ്രകാരം സഹോദരന്‍ വിക്രമിന്റെ ജനനത്തീയതി 1952 മാര്‍ച്ച് 18 ആണ്. ഏതാണ്ട് ഒരേ സമയം സേനയുടെ രണ്ട് വിഭാഗത്തിന്റെ തലവന്മാരായി സഹോദരങ്ങള്‍ വന്നുവെന്നത് കേന്ദ്ര ആഭ്യന്തര വകുപ്പിനും പൊല്ലാപ്പായി.
ചീഫ് സെക്രട്ടറിയുടെ പദവി കല്‍പിച്ചാണ് ഈ മുന്‍ ഡി.ജി.പിയെ ഉപദേശകനായി വാഴ്ത്തുന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്ക് പുറമെ രമണ്‍ ശ്രീവാസ്തവ കാര്യമായി ഉപദേശിക്കേണ്ടത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനെയാണ്. മുഖ്യമന്ത്രിക്കുള്ള ഉപദേശം ജയരാജന്‍ നല്‍കിക്കോളും. പതിനൊന്ന് വയസ്സുകാരിയെ കൊണ്ട് അക്രമത്തിന് നേതൃത്വം നല്‍കിക്കുകയും ഇലക്ട്രിക് പോസ്റ്റിന് തട്ടി പിളര്‍ന്നുപോയ വെടിയുണ്ട തലയോട്ടികൊണ്ട് സ്വീകരിക്കുകയും ചെയ്ത രമണ്‍ ശ്രീവാസ്തവ മുഖ്യന് നല്‍കുന്ന ഉപദേശം തികച്ചും സൗജന്യമാണ്. ശാസ്ത്ര, സാമ്പത്തിക, മാധ്യമം, നിയമം, വികസനം, പ്രസ് എന്നിങ്ങനെ പോകുന്ന ഉപദശി ശൃംഖലയില്‍ തട്ടിത്തെറിച്ച ഈ വെടിയുണ്ടയും കിടക്കട്ടെ.

chandrika: