ആലപ്പുഴ: ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തില്‍. നിരന്തരം സംഘ്പരിവാര്‍ വിരുദ്ധത പ്രസംഗിക്കുന്ന സി.പി.എമ്മും ഇടതുപക്ഷവും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കരസ്പര്‍ശമേറ്റ നെഹ്‌റുട്രോഫി സമ്മാനിക്കുന്ന ചടങ്ങിലേക്ക് അമിത്ഷായെ പോലൊരു കളങ്കിതനെ ക്ഷണിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അമിത്ഷായെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനായി നെഹ്‌റു ട്രോഫിയുടെ സകല കീഴ്‌വഴക്കങ്ങളും ലംഘിച്ചുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തിയത്.
ഇതിന്റെ ഞെട്ടലിലാണ് സംഘടാക സമിതിയായ എന്‍.ടി.ബി.ആര്‍ സൊസൈറ്റി. മുന്‍കാലങ്ങളില്‍ സംഘാടക സമിതി നിര്‍ദേശിക്കുന്ന ദേശീയ നേതാക്കളെയായിരുന്നു പരിപാടിയിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നത്. എന്‍.ടിി.ബി.ആര്‍ സൊസൈറ്റിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഉദ്ഘാടകയായി എത്തിക്കാനായിരുന്നു താല്‍പര്യം. രാഷ്ട്രപതി എത്തുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ ഉദ്ഘാടകനാക്കാനായിരുന്നു ധാരണ. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഒരുപടി കൂടി കടന്ന് അസാധാരണമായ രീതിയില്‍ മുഖ്യമന്ത്രി നേരിട്ട് അമിത് ഷായെ ജലമേളയക്ക് ക്ഷണിച്ചത്.
ജലമേളയുടെ തലേദിവസമായ സെപ്തംബര്‍ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്റെ ദക്ഷിണ മേഖല യോഗത്തിന് ക്ഷണിക്കുന്നതിനൊപ്പമാണ് നെഹ്‌റുട്രോഫിക്കും കൂടിയുള്ള ക്ഷണം കഴിഞ്ഞ 23ന് അമിത്ഷാക്ക് മുഖ്യമന്ത്രി അയച്ചത്. നെഹ്‌റുട്രോഫിയുടെ ചരിത്രം വിശദീകരിച്ചുള്ള കത്തില്‍ പരിപാടി സ്ഥലത്തേക്കുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അമിത്ഷായെ ക്ഷണിച്ച നടപടിക്കെതിരെ വിവിധ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചേര്‍ത്താണ് വിമര്‍ശനം.അതേസമയം അമിത്ഷായുടെ വരവ് ഉറപ്പായ നിലയിലുള്ള ക്രമീകരണങ്ങളാണ് ആലപ്പുഴയിലും വള്ളംകളി നടക്കുന്ന പുന്നമടയിലും പുരോഗമിക്കുന്നത്. സുരക്ഷാ ക്രമീകരണ മുന്നൊരുക്കങ്ങള്‍ പുന്നമടകായലില്‍ ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഇന്നലെ നേരിട്ടെത്തി പരിശോധിച്ചു. കലക്റ്റര്‍ വി.ആര്‍ കൃഷ്ണാ തേജ, ജില്ലാ പൊലീസ് മേധാവി ജി ജയദേവ് എന്നിവര്‍ക്കൊപ്പമായിരന്നു പരിശോധന.