തിരുവനന്തപുരം: സംഘര്‍ഷം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളുടെ ജീവനടുത്ത തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി ആയിരുന്നു മുഖ്യമന്ത്രിയുടെ ചര്‍ച്ച.
സംഘര്‍ഷം തടയുന്നതിന് ഇരു കൂട്ടരും അണികളെ ബോധവല്‍ക്കരിക്കാനായി നടപടികള്‍ സ്വീകരിക്കും. അക്രമ സംഭവങ്ങളില്‍നിന്നും ബന്ധപ്പെട്ട അണികളെ ഒഴിച്ചുനിര്‍ത്താനായി ഇരു കൂട്ടരും ജാഗ്രത പുലര്‍ത്തുമെന്നും പിണറായി പറഞ്ഞു. തലസ്ഥാനത്ത് ഉണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ആഗസ്ത് 6ന് വൈകിട്ട് മൂന്നു മണിക്ക് സര്‍വകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ ചേര്‍ന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഒ. രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ സമാധാന ചര്‍ച്ച.
അക്രമ സംഭവങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍ അസാധാരണമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഡി.ജി.പി ലോക്നാഥ് ബഹ്റയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വിഷയത്തില്‍ ഇവരോട് ഗവര്‍ണറോട് അസംതൃപ്തി അറിയിക്കുകയുമുണ്ടായി.