തിരുവന്തപുരം: ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ അറിയുന്നയാളാണ് മന്ത്രി എം.എം മണി എന്നും അവിടുത്തെ ശൈലിയാണ് അദ്ദേഹത്തിന്റേത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മണി സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.എം മണിയുടെ വിവാദ പരാമര്‍ശങ്ങളും മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ ശരിയായി അറിയുന്നയാളാണ് എം.എം മണി. അദ്ദേഹത്തിന്റെ ശൈലി ഇടുക്കിയുടേതാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പ്രസ്താവനയെ പര്‍വതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് – മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയില്‍ പൊലീസുമായി കൂടിയാലോചന നടത്താതെയാണ് കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. പട്ടയം നല്‍കുന്നതിനാണ് സര്‍ക്കാറിന്റെ മുന്‍ഗണന. അടുത്ത മാസം തന്നെ പട്ടയം നല്‍കി തുടങ്ങാനാണ് ആലോചിക്കുന്നത്. കയ്യേറ്റത്തോട് വിട്ടുവീഴ്ചയില്ല. വന്‍കിട കയ്യേറ്റക്കാരോട് കടുത്ത നിലപാടാണ് സര്‍ക്കാറിനുള്ളത്. – മുഖ്യമന്ത്രി പറഞ്ഞു.
എം.എം മണിയുടെ പ്രസ്താവന സ്വന്തം മുന്നണിയില്‍ നിന്നടക്കം എല്ലാ കോണുകളില്‍ നിന്നും വിമര്‍ശിക്കപ്പെട്ടതാണെന്നും കേരള സംസ്‌കാരത്തിന് യോജിക്കാത്ത വാക്കുകള്‍ ഉപയോഗിച്ച മന്ത്രിയെ പുറത്താക്കുന്നതിനുള്ള നടപടി മുഖ്യമന്ത്രി കൈക്കൊള്ളണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.