തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ഇ. അഹമ്മദിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കാകെയും ഉണ്ടായിട്ടുള്ള ആശങ്കകളുടെ വെളിച്ചത്തില്‍, മരണത്തെ തുടര്‍ന്നുണ്ടായ മുഴുവന്‍ സംഭവങ്ങളും വിശദമായി അന്വേഷിക്കണമെന്ന് പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാവണം. പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞുവീണ ഇ. അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്കാണ് നേരിട്ട് കൊണ്ടുപോയത്. പാര്‍ലമെന്റ്് അംഗമെന്ന നിലയില്‍ ആസ്പത്രിയില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യത്തിലും അദ്ദേഹത്തിന്റെ സഹപവ്രര്‍ത്തകരായ പാര്‍ലമെന്റ് അംഗങ്ങളോടും കുടുംബാംഗങ്ങളോടും
ആസ്പത്രി ജീവനക്കാര്‍ സ്വീകരിച്ച സമീപനത്തിന്റെ കാര്യത്തിലും ഗൗരവമായ ആശങ്കയാണ് ഉണ്ടായിട്ടുള്ളത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ മാനുഷികമായ സമീപനമാണ് വേണ്ടിയിരുന്നത്. ഇ. അഹമ്മദിന്റെ ദില്ലിയിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ കൂടി ഈ അവസരം വിനിയോഗിക്കുന്നതായും പിണറായി വിജയന്‍ കത്തില്‍ പറഞ്ഞു.