മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം തിരുത്താന്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സമിതിയില്‍ കാനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും കൗണ്‍സില്‍ യോഗത്തിലുണ്ടായി. ടാറ്റക്കുവേണ്ടി നിലകൊണ്ടത് സി.പി.ഐ അല്ല. ബംഗാളില്‍ ടാറ്റയെ സഹായിച്ചത് ആരെന്ന് ഓര്‍ക്കണം. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച പാര്‍ട്ടിയാണ് സി.പി.ഐ എന്നും കോടിയേരി ബാലകൃഷ്ണന് മറുപടിയായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കഴിഞ്ഞ നാലുമാസം പാര്‍ട്ടിനേതൃത്വം സ്വീകരിച്ച നിലപാടുകള്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കിയ യോഗം, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ അഭിനന്ദിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് പിന്നീടു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണം. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക നിയമവും കോടതികളും വേണമെന്നും സി.പി.ഐ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്‍മാര്‍ക്ക് നേരെ പൊതുപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ശാരീരികമായോ മാനസികമായോ നടപടികള്‍ ഉണ്ടാകരുതെന്നും കാനം പറഞ്ഞു.
വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ടാറ്റയുടെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് എല്‍.ഡി.എഫില്‍ ചോദിച്ചപ്പോള്‍ അതു സാധ്യമാകുമോ എന്ന സന്ദേഹത്തിലായിരുന്നു കാനം രാജേന്ദ്രനെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. അതിനു പോയാല്‍ ഒടുവില്‍ ടാറ്റക്ക് അങ്ങോട്ടു കൊടുക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് കാനം നല്‍കിയത്. ടാറ്റയുടെ ഭൂമി ആരാണ് എടുത്തതെന്ന് ജനങ്ങള്‍ക്ക് അറിയാം. തങ്ങളെ ടാറ്റയുടെ വക്താക്കളാക്കി മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയുന്നവരുടെ മുന്നില്‍ വിലപ്പോവില്ല. ടാറ്റയുടെ കൈവശമുണ്ടായിരുന്ന 1,37,000 ഏക്കര്‍ ഭൂമി ഏറ്റെടുത്തത് 1971ലെ അച്യുതമേനോന്‍ സര്‍ക്കാറാണ്. ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാതെ ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
1974ലെ ട്രിബ്യൂണല്‍ വിധിപ്രകാരം 57,359 ഏക്കര്‍ ഭൂമി ടാറ്റക്ക് തിരിച്ചുനല്‍കി. ഏറ്റെടുത്ത ഭൂമിയിലാണ് ഇരവികുളം ദേശീയ പാര്‍ക്കും മാട്ടുപ്പെട്ടി ഇന്‍ഡോ സിസ് പ്രോജക്ടും സ്ഥിതിചെയ്യുന്നത്. കണ്ണന്‍ ദേവന്‍ കമ്പനിയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ അന്നും ഇന്നും എ.ഐ.ടി.യു.സി ആണെന്നകാര്യം ആരും വിസ്മരിക്കരുത്. ടാറ്റക്ക് ഒരു സെന്റ് ഭൂമിയെങ്കിലും അധികമായുണ്ടെങ്കില്‍ അത് ഏറ്റെടുക്കുന്നതിന് സി.പി.ഐ എതിരല്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.
കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കികാട്ടി സി.പി.ഐയെ ആരും ഭയപ്പെടുത്തേണ്ടെന്നും സി.പി.എം വിമര്‍ശനത്തിന് മറുപടിയായി കാനം പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയവരും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സ്പീക്കറായവരും ഇവിടെയുണ്ട്. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് പറഞ്ഞത് വര്‍ഗീയതക്കെതിരെ മതനിരപേക്ഷ ശക്തികള്‍ ഒന്നിക്കണമെന്നാണ്. ഇത് തെരഞ്ഞെടുപ്പ് മുന്നണിയല്ല. സി.പി.ഐ പറയുന്നത് ന്യൂനപക്ഷ അഭിപ്രായമല്ല. എല്ലാ അംഗങ്ങളും ഒരുമിച്ചെടുത്ത തീരുമാനങ്ങളാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.