X

വഴിയില്‍ ഭയക്കുന്ന പിണറായി സര്‍ക്കാര്‍-റിയാസ് പുലിക്കണ്ണി

പലപ്പോഴായി കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, അപ്പോഴെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഭരിക്കുന്ന പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുകയും പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവയോടെല്ലാം ജനാധിപത്യ രീതിയില്‍ പെരുമാറാനും പ്രതികരിക്കാനുമാണ് അതത് കാലത്തെ സര്‍ക്കാരുകള്‍ സന്നദ്ധമായത്. പൊതുജനാഭിപ്രായം അംഗീകരിക്കലും അനുസരിക്കലും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന ബോധമാണതിന്ന് അവരെ പ്രാപ്തരാക്കിയതും പ്രേരിപ്പിച്ചതും. മാത്രമല്ല പ്രതിപക്ഷ സ്വരങ്ങളോട് നീരസം പ്രകടിപ്പിക്കുമ്പോഴും പ്രതികരിക്കാനാകാത്ത വിധം അവരെ അടിച്ചമര്‍ത്തലും അടിച്ചൊതുക്കലും ജനകീയ സര്‍ക്കാരിന് യോചിച്ചതല്ലന്ന തിരിച്ചറിവും.

പക്ഷെ കേരളത്തിലെ വര്‍ത്തമാന കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. രാഷ്ട്രീയ പ്രേരിതമായി ഉയരുന്ന ആരോപണങ്ങളെ പോലും രാഷ്ട്രീയമായി നേരിടുന്നതിന്നു പകരം തുടര്‍ച്ചയായി ഭരണം കയ്യാളുന്നതിന്റെ ഹുങ്കില്‍ നിയമപാലകരെ ഉപയോഗിച്ച് പ്രതിരോധിക്കുന്നതും നിലംപരിശാക്കുന്നതുമാണ് നാം നിരന്തരം കാണുന്നത്. തീര്‍ത്തും അശുഭകരമായ അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ അടച്ചാക്ഷേപിച്ചും അടിച്ചൊതുക്കിയും പിണറായി സര്‍ക്കാര്‍ നടത്തി ക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നിലപാടുകള്‍ കേന്ദ്രം ഭരിക്കുന്ന സംഘ പരിവാര്‍ രാഷ്ട്രീയത്തിന്റെ സേച്ഛാധിപത്യ സ്വഭാവത്തിന് സമാനമാണ്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മുന്‍ മാധ്യമ പ്രവര്‍ത്തകനും ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ഷാജ് കിരണും എ.ഡി.ജി.പി.എം ആര്‍ അജിത് കുമാറും തമ്മില്‍ 19 തവണ ഫോണില്‍ വിളിച്ചതും വാട്‌സാപ് സന്ദേശങ്ങള്‍ കൈമാറിയതും അതിലൂടെ ബിലീവേഴ്‌സ് ചര്‍ച്ച് മുഖേന മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം ഓഡിയോ വഴി പുറത്തുവന്നതും.എന്നാല്‍ ഗുരുതരമായ ഈ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാകാതെ ഒളിച്ചോടുന്ന സമീപനമാണ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയത്. സത്യത്തില്‍ സ്വപ്‌നയുടേയും ഷാജ് കിരണിന്റേയും ഈ വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രിയേയും കോടിയേരിയേയും മാത്രമല്ല പ്രതിസന്ധിയിലാക്കിയത് മറിച്ച് സി.പി.എമ്മിനേയും സംസ്ഥാന സര്‍ക്കാറിനേയും ഒരു പോലെ വെട്ടിലാക്കിയെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ പിന്നെന്തിനാണ് പിന്നീടുള്ള മണിക്കൂറുകളില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് മുമ്പൊന്നും കണ്ടിട്ടില്ലാത്ത രീതിയില്‍ വന്‍ സുരക്ഷ കവചങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതും പതിവിന്നു വിപരീതമായി ദ്രുതഗതിയില്‍ പിരിഞ്ഞു പോകുന്നതും.

മാത്രമല്ല ജനങ്ങളെ സേവിക്കുന്ന ഒരു മുഖ്യമന്ത്രി അതുവരെയില്ലാത്ത തോതില്‍ സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിച്ച് ഏക ചക്രാധിപതിയെ പോലെ രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസിനെ വിന്യസിച്ചും നാല് കറുത്ത ഇന്നോവകളുടെയും മിനി സ്‌കോഡിന്റേയും ബോംബ് സ്‌കോഡിന്റേയും ആംബുലന്‍സിന്റേയും അകമ്പടി സേവിച്ചും നൂറ്റി ഇരുപത്തിയഞ്ചില്‍പരം വരുന്ന പൊലീസ് വലയങ്ങള്‍ ഒരുക്കിയും സഞ്ചരിക്കുന്നത് കേരളീയ പൊതു സമാജത്തിന് പരിചിതമില്ലാത്ത കാഴ്ചയാണ്. മുഖ്യമന്ത്രിയുടെ തന്നെ ഭാഷ കടമെടുത്താല്‍ മടിയില്‍ കനമുള്ളവനെ വഴിയില്‍ ഭയക്കേണ്ടതുള്ളൂ. അങ്ങനെയെങ്കില്‍ അസാധാരണമായി ഒന്നും അരങ്ങേറാത്ത സമാധാനപൂര്‍ണമായ കോട്ടയം നഗരത്തില്‍ സാധാരണക്കാരേയും സ്ത്രീകളേയും കുട്ടികളേയും ബന്ദികളാക്കി വിരട്ടിയും കറുപ്പ് നിറത്തിലുള്ള മാസ്‌കും ഡ്രസും വിലക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിയമപാലകര്‍ ആരുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ആഭ്യന്തര മന്ത്രിയും കൂടിയായ മുഖ്യമന്ത്രി തന്നെ ഉത്തരം നല്‍കേണ്ടതുണ്ട്.

എന്തു തന്നെയായാലും മേല്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്, സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റേയും ബിസിനസ് ദല്ലാള്‍ ഷാജ് കിരണിന്റെയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ നിര്‍വാഹമില്ല. കൂടാതെ പുറത്തുവന്ന കാര്യങ്ങള്‍ വസ്തുതകളാണെന്നു തെളിഞ്ഞാല്‍ പൊതുജന മദ്ധ്യേ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ജാള്യത താങ്ങാവുന്നതിലും അപ്പുറമാണെന്ന തിരിച്ചറിവ് പാര്‍ട്ടി സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും നിലവിലെ സമനില തെറ്റിയ അസ്വാഭാവിക നിയമനടപടികളില്‍ നിന്ന് ബോധ്യപ്പെടുന്നുമുണ്ട്. എന്നാല്‍ കേരളീയ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇന്നേവരെ നേരിടാത്ത ഗുരുതരമായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രതി ചേര്‍ക്കപ്പെട്ടിട്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ പരിഗണിച്ചോ ധാര്‍മിക ഉത്തരവാദിത്തം മുഖവിലക്കെടുത്തോ രാജിവെക്കാന്‍ പിണറായി വിജയന്‍ സന്നദ്ധമാകുന്നില്ല എന്നു മാത്രമല്ല സര്‍വ സുരക്ഷ സന്നാഹങ്ങളും ഒരുക്കി ജനരോഷം മാനിക്കാതെ ഏകാധിപതിയായി നിരത്തിലൂടെ വിലസുകയുമാണ്. ഈ ഗര്‍വും ധാര്‍ഷ്ഠ്യവും സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് യോചിച്ചതല്ല.

വിശിഷ്യാ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്, കേരളത്തിലെ കഴിഞ്ഞ കാല രാഷ്ട്രീയ കീഴ് വഴക്കങ്ങളും ചരിത്രങ്ങളും അതാണ് നമ്മെ ഓര്‍മപ്പെടുത്തുന്നത്, ആറ് പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിട്ടും മുഖ്യമന്ത്രി പദം രാജിവെച്ച് പോകേണ്ടി വന്നപ്പോള്‍ അനന്തപുരിയില്‍നിന്ന് ആനവണ്ടിയില്‍ പുസ്തക കെട്ടുകളുമായി പുതുക്കാട്ടെ മണ്ണില്‍ വന്നിറങ്ങിയമുന്‍ മുഖ്യമന്ത്രി ചേലാട്ട് അച്യുതമേനോനും രാഷ്ട്രീയ കാരണങ്ങളാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു കോഴിക്കോട്ടെ ജില്ലാ കമ്മിറ്റി ഓഫിസിലെ ബഞ്ചില്‍ കിടന്നുറങ്ങിയ ഇ.കെ നായനാരും കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയായിരുന്നുവെന്ന് കോടികളുടെ കള്ളക്കടത്ത് ആരോപണങ്ങളില്‍ കുരുങ്ങി രാജിവെക്കാന്‍ ഒരുക്കമല്ലാതെ അധികാര സ്ഥാനങ്ങളില്‍ അട്ടകളെ പോലെ ഒട്ടിയിരിക്കുന്ന കേരളത്തിലെ അഭിനവ കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ ഓര്‍ക്കുന്നത് അഭികാമ്യമായിരിക്കും.

 

Chandrika Web: