X

‘ബംഗാള്‍ പോയ കാര്യം മറക്കരുത്’;പിണറായിയെ ഓര്‍മ്മിപ്പിച്ച് പന്ന്യന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിച്ച് സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ ഭരണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും ബംഗാള്‍ കൈവിട്ടതിനെ ഓര്‍മ്മിപ്പിച്ചും മാതൃഭൂമി ആഴ്ച്ചപ്പ്തിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിച്ചിരിക്കുന്നത്.

കേരളത്തിലെ മാവോയിസ്റ്റ് കൊലപാതകം, യുഎപിഎ എന്നിവയിലെല്ലാം പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. യുഎപിഎ എന്ന നിയമത്തില്‍ എന്ത് ന്യായമാണ് ഉളളത്?. ആറുമാസം അതിനെ ചോദ്യം ചെയ്യാനാവില്ല. ജാമ്യമില്ലാത്ത തടവ്. തോന്നിയവരുടെ പേരിലൊക്കെ യുഎപിഎ എടുക്കുകയാണ്. ആര്‍ക്കാണധികാരം അതിന് നല്‍കിയിരിക്കുന്നതെന്നും പോലീസിനെ വിമര്‍ശിച്ച് അദ്ദേഹം പറയുന്നുണ്ട്. നിലമ്പൂരില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലല്ല നടന്നതെന്നും അതിന് തെളിവില്ലെന്നും പന്ന്യന്‍ പറയുന്നു. ജനങ്ങള്‍ക്ക് ആ സംഭവത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

‘മാവോയിസ്റ്റുകള്‍ കേരളത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി അറിവില്ല. പിന്നെ എന്തിനാണ് വെടിവെച്ചുകൊന്നത്?. നമ്മള്‍ ശ്രദ്ധിക്കേണ്ടത് നമുക്കെന്തെങ്കിലും പിഴവ് പറ്റിയാല്‍ സമൂഹത്തിന് വരുന്നത് വലിയ നഷ്ടമാണ്. ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ബിജെപിയെ നയിക്കുന്നത് ജനാധിപത്യമല്ല, തനി വര്‍ഗീയതയാണ്. ബിജെപിയെ നേരിടാന്‍ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് ലെഫ്റ്റിനെയാണ്. ആ ലെഫ്റ്റ് ഗവണ്‍മെന്റാണ് കേരളത്തിലുളളത്. ഈ ഗവണ്‍മെന്റിന് പിഴച്ചാല്‍ ലെഫ്റ്റിന്റെ കൈയിലുളള വടി നഷ്ടപ്പെടും. നമുക്കൊരു അനുഭവമുളളതാണ് ബംഗാള്‍. ആ അനുഭവം മറക്കരുത്. മുപ്പത്തിനാലു വര്‍ഷം നമ്മള്‍ ഭരിച്ച ബംഗാള്‍ ഇപ്പോള്‍ നമ്മുടെ കൈയിലില്ല. എങ്ങനെയാണ് പോയത്?.’ പന്ന്യന്‍ ചോദിക്കുന്നു.

നേരത്തേയും ഈ വിഷയങ്ങളില്‍ സിപിഐ കൃത്യമായി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ജനയുഗത്തില്‍ സര്‍ക്കാരിന്റെ മാവോയിസ്റ്റ് കൊലപാതകങ്ങളെക്കുറിച്ചും യുഎപിഎ ചുമത്തലിനെക്കുറിച്ചും മുഖപ്രസംഗം വരെ പ്രത്യക്ഷപ്പെട്ടിരുന്നു.

chandrika: