X
    Categories: keralaNews

‘ഇ.എം.എസിന്റെ ലോകത്തിന് പുറത്തെ പിണറായി’

ഷഹബാസ് വെള്ളില
മലപ്പുറം

സി.പി.എം പാര്‍ട്ടി ശക്തമായ വിമര്‍ശന ശരങ്ങളേറ്റ് പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞ സവിശേഷ സാഹചര്യത്തില്‍ രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഓര്‍മകളുമായി മലപ്പുറത്ത് നടക്കുന്ന ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാര്‍ കൂടുതല്‍ ചര്‍ച്ചയാകുന്നു.

ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് സെമിനാറും കടന്നുവന്നത്. സ്വര്‍ണക്കടത്തും വിദേശ കറന്‍സി ഇടപാടുമെല്ലാമായി മുമ്പെങ്ങും ഇല്ലാത്ത വിധം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസിന്റെ ഓര്‍മകള്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ കൂടുതല്‍ കുത്തിനോവിക്കുന്നതാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപാടുകള്‍ക്ക് ചുക്കാന്‍പിടിച്ച സ്വപ്‌ന സുരേഷ് തന്നെ പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരുകള്‍ പുറത്തുപറഞ്ഞതോടെ പാര്‍ട്ടി വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന മുറവിളി നാനാഭാഗത്തുനിന്നും ഉയരുമ്പോഴും അതിനെയെല്ലാം പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കി മുന്നോട്ടുപോകുന്ന പിണറായി വിജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

പല ഇടത് ബുദ്ധിജീവികളും പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതകളെ തള്ളി രംഗത്തുവന്നിട്ടുണ്ട്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അനുസ്മരണത്തിന്റെ ഉദ്ഘാടകനായി പിണറായി എത്തിയ സമയം എന്തായാലും നന്നായിയെന്നും ഇ.എം.എസിന്റെ ഓര്‍മകള്‍ അദ്ദേഹത്തിന് നല്ല ബുദ്ധി നല്‍കട്ടെയെന്നും പലരും പരിഹസിച്ചു. മഹാനായ ഇ.എം.എസിന്റെ അനുസ്മരത്തിന് കളങ്കിതനായ മുഖ്യമന്ത്രി വന്നതിനെതിരെ ഇടത് ബുദ്ധിജീവികളില്‍ പലരും തുറന്നെഴുതി. സി.പി.എം എന്നാല്‍ പിണറായി വിജയന്‍ എന്ന് മാത്രമായി ചുരുങ്ങിയെന്നും വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും ഭയക്കുന്ന മുഖ്യമന്ത്രിക്ക് കമ്മ്യൂണിസം പഠിപ്പിച്ചുകൊടുക്കാന്‍ ആരുമില്ലേ എന്നും പലരും ചോദിക്കുന്നു. ‘കറുത്ത മാസ്‌ക് വരെ നിരോധിച്ച മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. സഹിഷ്ണുതയോടെ പ്രതിപക്ഷ ബഹുമാനത്തോടെ കേരളത്തിന്റെ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ മഹാന്‍ ഇരുന്ന കസേരയിലാണ് താങ്കള്‍ ഇരിക്കുന്നതെന്ന് ഓര്‍മ വേണം’ ഇ.എം.എസിന്റെ ലോകം സെമിനാറിന്റെ ലൈവ് സംപ്രേഷണത്തിനടിയില്‍ വന്ന കമന്റായിരുന്നു ഇത്..

Chandrika Web: