X

കെവിന്റെ കുടുംബത്തിന് 10ലക്ഷം സര്‍ക്കാര്‍ ധനസഹായം; നീനുവിന്റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് വീടുവെക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം, കെവിന്റെ മരണകാരണത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ മെഡിക്കല്‍ ബോര്‍ഡ് യോഗം പിരിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് കെവിന്റെ മരണത്തില്‍ അന്തിമ തീരുമാനമുണ്ടാകാതെ പിരിഞ്ഞത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലീസ് സര്‍ജന്മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്‌തെങ്കിലും മരണകാരണം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

chandrika: