കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചുചേര്‍ത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യം ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഹരിയാനയിലെ സൂരജ് കുണ്ടില്‍ നടക്കുന്ന യോഗത്തില്‍ ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പിണറായിയെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മാത്രമാണ് പങ്കെടുത്തത്. മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ഭാഗല്‍, നിതീഷ് കുമാര്‍, എം.കെ സ്റ്റാലിന്‍, നവീന്‍ പട്‌നായിക് എന്നിവരാണ് വിട്ടു നിന്നത്. സംസ്ഥാന സര്‍ക്കാറുകളോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം തന്നെയാണ് ഇവരെയെല്ലാം യോഗത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറുകളുടെ അധികാരങ്ങള്‍ കേന്ദ്രം കവര്‍ന്നെടുക്കുന്നു, കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് സംസ്ഥാന സര്‍ക്കാറുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ ഈ മുഖ്യമന്ത്രിമാര്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുകയുമാണ്.
കേന്ദ്ര നയങ്ങള്‍ക്കെതിരെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ മാത്രമല്ല ദേശീയാടിസ്ഥാനത്തില്‍ സി.പി.എം പാര്‍ട്ടി തന്നെ ശക്തമായ പ്രതിഷേധമാണ് പ്രത്യക്ഷത്തില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പ്രസ്തുത വിഷയത്തില്‍ സെമിനാര്‍ വരെ സംഘടിപ്പിക്കുകയുണ്ടായി. കേരളത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഗവര്‍ണര്‍ പോരുപോലും ഈ വഴിക്കാണ് സി.പി.എം തിരിച്ചു വിട്ടിരിക്കുന്നത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ കേന്ദ്ര വിരുദ്ധത കപട നാടകം മാത്രമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള സാധൂകരണമാണ് പിണറായിയുടെ ചിന്തന്‍ ശിബിരിലെ സാനിധ്യം. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന അദ്ദേഹത്തിന്റെ പതിവു രീതി ഇവിടെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര നയത്തോടുള്ള വിയോജിപ്പ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ എന്തുകൊണ്ട് യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ധൈര്യം കാണിച്ചില്ല എന്ന ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തെ ക്ഷണിക്കുമ്പോള്‍ ഉത്തരം നല്‍കാതിരിക്കാന്‍ കഴിയില്ല എന്നാണ് മറുപടി. എങ്കില്‍ ഇതു വിട്ടു നിന്ന മറ്റു സംസ്ഥാനങ്ങള്‍ക്കും ബാധകമല്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല.
യോഗത്തില്‍ കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ പിണറായി വിശദീകരിക്കുമെന്ന കണക്കുകൂട്ടലും അസ്ഥാനത്തായിരിക്കുകയാണ്. ഗവര്‍ണര്‍ അതിരുവിടുന്നുവെന്നും അദ്ദേഹത്തെ നിലക്കു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നുമുള്ള തങ്ങളുടെ അഭിപ്രായം അമിത്ഷാക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. പക്ഷേ അതേക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ സാധിച്ചില്ലെന്നു മാത്രമല്ല മോദി സര്‍ക്കാറിനെതിരെയുള്ള ഒരു പരാതിയും അവിടെ ഉന്നയിക്കപ്പെട്ടില്ല.
ലാവ്‌ലിന്‍ കേസും സ്വര്‍ണക്കടത്തുകേസുമുള്‍പ്പെടെ പിണറായിയെ തളയ്ക്കാനുള്ള കുരുക്കുകള്‍ കേന്ദ്രത്തിന്റെ കൈയ്യില്‍ ഉണ്ടെന്നത് പകല്‍പോലെ വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ മോദി സര്‍ക്കാറിനോടുള്ള സമീപനത്തില്‍ ഇടതു സര്‍ക്കാറിന് എപ്പോഴും ഇരട്ടത്താപ്പാണ്. ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ കാതലായ പല വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാറിന്റെ അവിഹിതമായ ഇടപെടലുകളുണ്ടായിട്ടും പ്രതികരിച്ചു എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം മാത്രമാണ് ഈ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. എന്നാല്‍ ചിന്തന്‍ ശിബിരിലെ സാനിധ്യം പോലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം കേന്ദ്ര അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്യുന്നു. പ്രധാന മന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെത്തുമ്പോള്‍ തണുപ്പന്‍ സ്വീകരണമാണ് ലഭിക്കാറുള്ളതെങ്കില്‍ പാര്‍ട്ടി പരിപാടികള്‍ക്കെത്തുമ്പോള്‍ പോലും കേരളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് മോദിക്കും കൂട്ടര്‍ക്കും ലഭിക്കാറുള്ളത്. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ടും ഈ വിധേയത്വം ഊട്ടിയുറപ്പിക്കുന്നതില്‍ സി.പി.എം ജാഗ്രത പുലര്‍ത്താറുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോടുള്ള പാര്‍ട്ടി സമീപനം ഇതിന്റെ ഉദാഹരണമാണ്. കേവലം രണ്ടും സീറ്റുമായി പാര്‍ലമെന്റിന്റെ മൂലയിരുന്ന സംഘ്പരിവാറിനെ രാജ്യത്തിന്റെ അധികാരം കൈയ്യാളുന്നിടത്തേക്കെത്തിച്ചതിലുള്ള സി.പി.എമ്മിന്റെ പങ്ക് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുകയാണ്. ചരിത്രത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് പിണറായി സര്‍ക്കാര്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.