കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കുടുംബാംഗം സൗമ്യയുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അവിഹിത ബന്ധങ്ങള്‍ക്ക് എതിര് നില്‍ക്കുമെന്ന് ഭയമുള്ളതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും എലിവിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്. അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലക്ക് മീന്‍ കറിയിലും മകള്‍ ഐശ്വര്യക്ക് ചോറിലും വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. അതേസമയം ഇളയ മകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി.
സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. മാര്‍ച്ച് ഏഴിന് കമലയും ഏപ്രില്‍ 13ന് കുഞ്ഞിക്കണ്ണനും മരിച്ചു. നേരത്തെ സ്വാഭാവിക മരണമെന്ന നിലയിലാണ് മരണങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. സമാന സ്വഭാവമുള്ള മരണങ്ങള്‍ സംശയം ഉയര്‍ത്തിയതോടെയാണ് സൗമ്യയെ ചോദ്യം ചെയ്തത്.
തലശ്ശേരി റസ്റ്റ് ഹൗസില്‍ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിലാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലുപേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശം കണ്ടെത്തിയതോടെയാണ് നാലുപേരുടേയും മരണത്തില്‍ ദുരൂഹത ബലപ്പെട്ടത്.
ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യയും ആശുപത്രിയില്‍ അഡ്മിറ്റായെങ്കിലും ഇവരുടെ ശരീരത്തില്‍ വിഷാംശം കാണാത്തത് പൊലീസിന്റെ സംശയം ബലപ്പെടുത്തി. തുടര്‍ന്ന് മഫ്തിയിലെത്തിയ പൊലീസ് സംഘം ആശുപത്രിയില്‍ വെച്ചാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രഘുരാമന്റേയും മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.