X
    Categories: MoreViews

റോളില്ലാതെ ബേബി; പിണറായി-കോടിയേരി സഖ്യം മുന്നോട്ട്

തിരുവനന്തപുരം: പോളിറ്റ് ബ്യൂറോ അംഗമായിട്ടും ജില്ലാ സമ്മേളനങ്ങളില്‍ കടുത്ത അവഗണന നേരിടുന്നതില്‍ എം.എ ബേബിക്ക് അതൃപ്തി. പി.ബി അംഗമെന്ന പരിഗണന ഒരു ജില്ലകളിലും ലഭിച്ചില്ലെന്നാണ് ബേബിയുടെ പരാതി. ഇക്കാര്യത്തിലുള്ള അതൃപ്തി യെച്ചൂരിയെ അറിയിച്ചുവെങ്കിലും അദ്ദേഹം തന്റെ നിസഹായത വെളിപ്പെടുത്തിയെന്നാണ് സൂചന. കേരളത്തില്‍ എതിര്‍ സ്വരങ്ങളുയരാനുള്ള സാധ്യത മുളയിലേ നുള്ളി പാര്‍ട്ടിയെ സമ്പൂര്‍ണമായി കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി- കോടിയേരി വിഭാഗം മുന്നോട്ടുപോയത്.

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ സംസ്ഥാനത്ത് നിന്ന് നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളാണുള്ളത്. എസ്. രാമചന്ദ്രന്‍പിള്ളയും എം.എ ബേബിയുമാണ് മറ്റുരണ്ടുപേര്‍. ജില്ലാ സമ്മേളനങ്ങളുടെ പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതാണ് പതിവ്. ഇതനുസരിച്ചാണ് കേരളത്തിലും ജില്ലാ സമ്മേളനങ്ങള്‍ പുരോഗമിക്കുന്നത്. 14 ജില്ലകളെ രണ്ടായി തരംതിരിച്ച് പിണറായിയും കോടിയേരിയും ഉദ്ഘാടകരായി സ്വയം തീരുമാനിക്കുകയായിരുന്നു. ചില ജില്ലകളില്‍ പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും ഒരാള്‍ തന്നെ ഉദ്ഘാടനം ചെയ്യുന്ന സ്ഥിതിയുണ്ടായി. ബേബിയുടെ സ്വന്തം ജില്ലയായ കൊല്ലത്ത് പോലും അദ്ദേഹത്തിന് മതിയായ പരിഗണന ലഭിച്ചില്ല. ഇതാണ് ബേബിയുടെ അതൃപ്തിക്ക് കാരണം.

പാര്‍ട്ടിയെ പൂര്‍ണമായി വരുതിയിലാക്കാന്‍ കണ്ണൂര്‍ ലോബി ചരട് വലി തുടങ്ങിയിട്ട് നാളുകളായി. അതിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനങ്ങളുടെ ചുമതലയില്‍ നിന്ന് ബേബിയെ ഒഴിവാക്കി നിര്‍ത്തിയത്. പി.ബി അംഗത്തെ മാറ്റിനിര്‍ത്തുന്നതില്‍ വിയോജിപ്പുള്ളവര്‍ ഏറെയുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കാന്‍ പല നേതാക്കളും ഭയപ്പെടുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിലാണെങ്കിലും മുഖ്യമന്ത്രിയുടെ തെറ്റായ നടപടികള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ചിലരെങ്കിലും തയാറായി എന്നത് ആശ്വാസകരമാണെന്നാണ് ബേബിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വി.എസ് അച്യുതാനന്ദന്‍ പരിപൂര്‍ണമായി കീഴടങ്ങിയതോടെ പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായങ്ങളൊന്നും ഉയരാതിരിക്കാന്‍ പിണറായി- കോടിയേരി സഖ്യം അതീവ ശ്രദ്ധയോടെയാണ് മുന്നോട്ടുപോകുന്നത്.

ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ മാത്രമാണ് ബേബിക്ക് അവസരം ലഭിച്ചത്. കൊല്ലത്തെ സമ്മേളനമെങ്കിലും ബേബിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമായിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. പകരം തൃശൂരിലെ സ്‌കൂള്‍ കലോത്സവം പോലും ഉപേക്ഷിച്ച് മുഖ്യമന്ത്രി കൊല്ലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എം.എ ബേബിയുടെ തോല്‍വിയിലേക്ക് നയിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകാതിരിക്കാന്‍ ബോധപൂര്‍വ ഇടപെടലുകളുണ്ടായെന്നതും പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കുള്ളില്‍ എതിര്‍സ്വരങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വി.എസിനെതിരെ ഒതുക്കിയ തന്ത്രം ബേബിക്കെതിരെയും മുഖ്യമന്ത്രി പ്രയോഗിക്കുന്നത്.

പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് ഇത്രവലിയ സ്വാധീനം ഉണ്ടാകുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയെ ഒഴിവാക്കിയത്. എന്നാല്‍ ബേബിയെ ഒഴിവാക്കിയതിന് കാരണമൊന്നും നേതൃത്വം പറയുന്നുമില്ല. സംസ്ഥാന സമ്മേളനത്തിലും ബേബിയോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകാനിടയില്ല. ഇക്കാര്യം സംബന്ധിച്ച് പിണറായിയും കോടിയേരിയും ധാരണയായിട്ടുണ്ട്. അവഗണ സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് ബേബി യെച്ചൂരിയോട് അതൃപ്തി അറിയിച്ചത്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന കരുത്ത് തനിക്കില്ലെന്ന് യെച്ചൂരി ബേബിയോട് വ്യക്തമാക്കിയെന്നാണ് സൂചന.

chandrika: