X
    Categories: CultureNews

മുഖ്യമന്ത്രി വാശി നടപ്പിലാക്കുന്നു, വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ചു: ചെന്നിത്തല

തിരുവനന്തപുരം: ശബരിമല ആചാരം ലംഘിച്ച് യുവതികള്‍ക്ക് പ്രവേശിക്കാന്‍ അവസരമുണ്ടാക്കുക വഴി മുഖ്യമന്ത്രി നടത്തിയത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ച ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പൊലീസും ഗൂഢാലോചന നടത്തി മുഖ്യമന്ത്രി വാശി നടപ്പാക്കുകയായിരുന്നുവെന്നും ഇതിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രതിഷേധം നടത്തുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നു പുലര്‍ച്ചെ ദര്‍ശനം നടത്തിയ യുവതികള്‍, നേരത്തെ തടസ്സമുണ്ടായപ്പോള്‍ തിരിച്ചുപോയതാണെന്നും ഇവര്‍ പിന്നീട് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നിര്‍ദേശാനുസരണമാണ് ഇപ്പോള്‍ ശബരിമലയില്‍ പ്രവേശിച്ചിരിക്കുന്നത്. ആചാര ലംഘനം നടത്തിയുക എന്നത് മുഖ്യമന്ത്രിയുടെ വാശിയായിരുന്നു. അയ്യപ്പഭക്തരെ മാത്രമല്ല, വിശ്വാസ സമൂഹത്തെ മുഴുവന്‍ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

യുവതീപ്രവേശനത്തിനെതിരായ സാവകാശ ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാനിരിക്കെയുള്ള യുവതീപ്രവേശം നിരാശാജനകമാണെന്നും ഇത് വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു. നാടിനെ വെല്ലുവിളിച്ച് അവിശ്വാസികളായ ഒരു കൂട്ടമാളുകള്‍ വിശ്വാസികളെ തകര്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഭക്തന്മാരുടെ മനസ്സിലേറ്റ മായാത്ത, ഉണങ്ങാത്ത മുറിവാണ് ഉണ്ടായിരിക്കുന്നത്. വിശ്വാസികളെ അണിനിരത്തിക്കൊണ്ടുള്ള ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ കേരളമെങ്ങും നടക്കും. ഒരു മതത്തിനെതിരെ മാത്രമല്ല, എല്ലാ മതങ്ങള്‍ക്കുമെതിരായ വെല്ലുവിളിയാണ് സര്‍ക്കാറിന്റേത്. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: