മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില് ഒന്നാണ് പിണറായി വിജയന്റേതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്ട്രീയക്കാരനില്‍ നിന്ന് തരിമ്പും മാറാന്‍ അദ്ദേഹത്തിനിന്നും കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ കണ്ണീരും, നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവര്‍ത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നേ വരെ ജയ് വിളിച്ചു കൂടെ നടന്ന കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ പോലും താങ്കളെക്കുറിച്ചു പറയുന്നതെന്താണെന്നറിയാന്‍ കഴിഞ്ഞ നാളുകളിലെ ദൃശ്യ മാധ്യമങ്ങള്‍ കണ്ടാല്‍ മാത്രം മതിയാകും. കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കേരളത്തിലെ മുഖമായ താങ്കള്‍, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാന്‍ പോലും അര്‍ഹനല്ലെന്ന് കെ. സുധാകരന് ഓര്‍മപ്പെടുത്തി.
ഒരുപിടി കൊലയാളികളുടെ നേതാവായ താങ്കള്‍ക്ക്, ജനങ്ങളുടെ നേതാവായ പി ടിയെ മനസിലാകണമെന്നുമില്ല. വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വത്യാസം തിരിച്ചറിയാത്തതാണ് യഥാര്‍ത്ഥ അബദ്ധമെന്ന് അദ്ദേഹം പറഞ്ഞു. പി ടി തൃക്കാക്കരക്കാര്‍ക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളില്‍ അവര്‍ തന്നെ പറയുമെന്നും സുധാകരന് കൂട്ടിചേര്‍ത്തു.