X

സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷം; പൊടിക്കുന്നത് 51 കോടി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നത് കോടികള്‍. 16 കോടി രൂപയാണ് രണ്ടാം വാര്‍ഷികാഘോഷത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈമാസം 31വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപരിപാടികളുടെ പ്രചരണത്തിന് മാത്രം വന്‍തുക വേറെയും വിനിയോഗിക്കുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെയാണ് സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നത്.

2017 ജൂണ്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശികയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ടില്ല. സാമ്പത്തിക ഞെരുക്കമുള്ളതിനാല്‍ പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്നും വാടകക്ക് എടുത്ത് ഉപയോഗിക്കാനുമാണ് നിര്‍ദേശം. പല വകുപ്പുകള്‍ക്കും നിത്യ ചെലവിനു പോലും പണമില്ല. നൂറുകണക്കിന് പദ്ധതികള്‍ പെരുവഴിയിലാണ്. ഈ സാഹചര്യത്തിലാണ് ആര്‍ഭാടപൂര്‍വം പിണറായി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് പ്രചരണത്തിനായി മാത്രം 35 കോടിയാണ് ചെലവഴിച്ചത്. ഇതിന്റെ തുക ഏജന്‍സിക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇക്കഴിഞ്ഞ ഒന്‍പതാം തിയതിയാണ് പുറത്തിറക്കിയത്. ഫേസ്ബുക്ക്, വാട്‌സാപ്പ് ഉള്‍പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി 30 ക്രിയേറ്റീവ് പോസ്റ്ററുകള്‍, 15 സെലിബ്രിറ്റി വീഡിയോസ്, 30 അനിമേഷന്‍ വീഡിയോ, ഏഴ് ഇ-പോസ്റ്റര്‍ എന്നിവയാണ് തയാറാക്കിയത്. ഇതിനായി കോഴിക്കോട് ഗ്ലോബല്‍ ഇന്നവേറ്റീസ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്. ഇവര്‍ക്ക് ആദ്യഗഡുവായി 21.24 ലക്ഷം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 16ന് ചേര്‍ന്ന കോസ്റ്റ് കമ്മിറ്റി യോഗതീരുമാനം അനുസരിച്ച് 16.98 ലക്ഷം ഇവര്‍ക്ക് അനുവദിച്ചു. ബാക്കി തുകയായ 7.30 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം നല്‍കിയത്.

ഒന്നാം വാര്‍ഷികത്തിന് ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് രണ്ടാം വാര്‍ഷികത്തിന് വിനിയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം 35 കോടിയാണ് ചെലവഴിച്ചത്‌. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കുറച്ചിട്ടുണ്ടെങ്കിലും മറ്റ് പല മേഖലകളിലും പരസ്യത്തിനായി വാരിക്കോരി ചെലവഴിക്കുകയാണ്. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കണ്ണട വാങ്ങാനും വീട് മോടിപിടിപ്പിക്കാനും ബന്ധുക്കളുടെ ചികിത്സാ ചെലവിനും അധികതുക കൈപ്പറ്റിയെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെണ് കോടികള്‍ ചെലവിട്ട് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്.

ആഘോഷ പരിപാടികള്‍ക്ക് ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ചിലവ് 16 കോടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനതലം, ജില്ല, മണ്ഡലം എന്നിങ്ങനെ വേര്‍തിരിച്ചാണ് പരിപാടികള്‍ നടന്നുവരുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടോ മറ്റ് ഭരണനേട്ടങ്ങള്‍ അവകാശപ്പെടാനോ സാധിക്കാത്ത സാഹചര്യമാണ്.

chandrika: