പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ ഗ്രാന്റുകളൊന്നും തന്നെ നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി അജിത് ലാല്‍ പി.എസ്. തേടിയ ചോദ്യങ്ങളില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും രണ്ടാമതും സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഗ്രാന്റുകള്‍ ഒന്നും തന്നെ അനുവദിച്ചിട്ടില്ല എന്നാണ് കെ.എസ്.ആര്‍.ടി.സി തന്നെ നല്‍കിയ മറുപടിയില്‍ പറയുന്നത്. 01-06-2016 മുതല്‍ 31-07-2024 വരെയുള്ള കാലയളവില്‍ 11,213.54 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായമായി കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്. ഇത് മുഴുവന്‍ വായ്പയെടുത്ത് നല്‍കിയതാണ്.
എന്നാല്‍ ഇതില്‍ 10,988.37 കോടിരൂപയും കെ.എസ്.ആര്‍.ടി.സി യുടെ അക്കൗണ്ടിലേക്ക് നല്‍കിയ തുകയാണ്. അക്കൗണ്ടിലേക്കല്ലാതെ നേരിട്ട് നല്‍കിയതാണ് ബാക്കി. ഇതും വായ്പയെടുത്ത തുകയാണ്. അതേസമയം കെ.എസ്.ആര്‍.ടി.സിയുടെ ആകെ കടമെത്രയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടുമില്ല. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മറുപടി നല്‍കുമെന്നാണ് പറയുന്നത്.