കോഴിക്കോട്: കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ആയിരം ദിനാഘോഷത്തിന് ഉദ്ഘാടന ദിവസം മുതല്‍ കല്ലുകടി. കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടന പരിപാടി ആളില്ലാതെ പരാജയപ്പെട്ടതോടെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്. പ്രളയ ദുരിതത്തില്‍ മുങ്ങിയ സംസ്ഥാനത്തെ കരകയറ്റാന്‍ ചിലവ് ചുരുക്കല്‍ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ചിലവ് വരുത്തി നടത്തുന്ന ആയിരം ദിനാഘോഷം പരിപാടികളാണ് വഴിപാടായി മാറിയത്.
കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബുധനാഴ്ചയാണ് ആഘോഷ പരിപാടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത്. വന്‍ തുക ചിലവഴിച്ച് പ്രചരണം നടത്തിയിട്ടും പാര്‍ട്ടി ഇടപെട്ട് പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിട്ടും സദസ്സില്‍ ആളില്ലാതെ പോയത് ചര്‍ച്ചയായിട്ടുണ്ട്.
പേരില്‍ സര്‍ക്കാര്‍ പരിപാടിയായിരുന്നെങ്കിലും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതോടെ പൊളിയുന്നത്. ആളില്ലാ സദസിനു മുന്നില്‍ മുഖ്യമന്ത്രി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മുന്‍ സര്‍ക്കാരുകളെയും പ്രതിപക്ഷത്തെയും എല്ലാം പ്രഹരിക്കാനായിരുന്നു പിണറായി ശ്രമിച്ചത്.
വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവരെ പങ്കെടുപ്പിക്കാതെയുള്ള ചടങ്ങ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരുകളെ ഇകഴ്ത്തുന്നതാണെന്നും പിണറായി ഏകാധിപത്യം പുലര്‍ത്തിയെന്നും സ്വന്തം സര്‍ക്കാരിനെ മാത്രം പുകഴ്ത്തിയതും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം പ്രകടമാക്കുന്നതു കൂടിയായിരുന്നു ഉദ്ഘാടന ചടങ്ങ്.
പിണറായിയുടെ പ്രസംഗ സമയത്ത് പോലും സദസ്സില്‍ ആളില്ലാത്തത്ത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ വേദി വിട്ട പിണറായിക്ക് ശേഷം സംസാരിച്ച മന്ത്രിമാരും വിശിഷ്ടാതിഥികളും ആളില്ലാത്ത സദസ്സിന് മുന്നില്‍ പ്രസംഗം ചുരുക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു പോലും മാധ്യമങ്ങളെ സര്‍ക്കാര്‍ ചിലവില്‍ കോഴിക്കോട്ടെത്തിച്ചതും വാര്‍ത്തയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും അനാവശ്യമായി പണം ചിലവഴിക്കുകയാണെന്നും പണറായി വിജയന്റെ ഏകപക്ഷീയ നിലപാടുകള്‍ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തകരെയും വിവിധ വകുപ്പുകളിലെ ജീവനക്കാരെയും അണിനിരത്തി ഘോഷ യാത്ര സംഘടിപ്പിച്ചെങ്കിലും ഉദ്ഘാടന പരിപാടി വേണ്ടത്ര വിജയിച്ചില്ലെന്ന് സര്‍ക്കാരും പാര്‍ട്ടിയും ഒരു പോലെ സമ്മതിക്കുകയാണ്.
ആഴ്ചകള്‍ക്ക് മുന്‍പേ സംസ്ഥാനമൊട്ടുക്കും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ആയിരം ദിനാഘോഷ പരിപാടിക്ക് വേണ്ടി മാത്രമായി സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 954 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പുറമെ ഓരോ വകുപ്പും ആഘോഷ പരിപാടികള്‍ക്കായി ലക്ഷങ്ങള്‍ വേറെയും ചിലവഴിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഇതിന് പുറമെ നടക്കുന്നുമുണ്ട്. എന്നാല്‍ ഉദ്ഘാടനം തന്നെ ആളില്ലാതായതോടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.
സി.പി.ഐ ഉള്‍പ്പടെയുള്ള ഘടക കക്ഷികളും ഇത്തരമൊരു ആഘോഷ പരിപാടികള്‍ക്ക് വേണ്ടത്ര താല്‍പര്യം പ്രകടിപ്പിച്ചിരുന്നുമില്ല. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടാണ് ഇത്തരമൊരു ആഘോഷത്തിന് സര്‍ക്കാര്‍ തുനിഞ്ഞതെന്ന് ഘടകകക്ഷി നേതാക്കള്‍ക്ക് പരാതിയുണ്ട്. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജാഥകള്‍ക്ക് പിറകെ പോയതാണ് ആഘോഷ പരിപാടി പരാജയപ്പെടാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. അതേസമയം പാര്‍ട്ടിയുടെ കൊലക്കത്തി രാഷ്ടീയവും കാസര്‍കോട് നടന്ന ഇരട്ട കൊലപാതകവും പൊതുജനങ്ങളെ പിണറായി സര്‍ക്കാറില്‍ നിന്നും അകറ്റുന്നതായും സൂചനയുണ്ട്.