തിരുവനന്തപുരം: പുതുപ്പള്ളിയില്‍ സി.പി.എം തകര്‍ന്നടിഞ്ഞപ്പോഴും തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ഭാവം പോലും കാട്ടാതെ മുഖ്യമന്ത്രി പിണറായി വിജന്‍ മൗനം തുടരുന്നു. പുതുപ്പള്ളിയിലെ ദയനീയ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയരുന്ന ആരോപണങ്ങളുമാണെന്ന വിലയിരുത്തലിനിടെയാണ് യാതൊരു പരാമര്‍ശവും നടത്താതെ പിണറായിയുടെ ഒളിച്ചുകളി.
ഇന്നലെ ധര്‍മടത്തെ മൂന്ന് പരിപാടികളില്‍ പങ്കെടുത്ത പിണറായി, രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടന്നില്ല. ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം പൊതുവേ സര്‍ക്കാരിന്റെ വിലയിരുത്തലായി പറയാറുണ്ട്. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സി.പി.എം ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് മലക്കം മറിയുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ പ്രതികരണം ഏവരും പ്രതീക്ഷിച്ചിരുന്നു. തലശേരി ബ്രണ്ണന്‍ കോളജിലും ധര്‍മടത്തെ മറ്റ് രണ്ടുവേദികളിലും പുതുപ്പള്ളിയും സമീപകാല രാഷ്ട്രീയ വിഷയങ്ങളും പിണറായി പരാമര്‍ശിച്ചില്ല. ബ്രണ്ണന്‍ കോളജിലെ വൈകാരികത മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍.
സ്വര്‍ണക്കടത്ത് മുതല്‍ മാസപ്പടി വരെയുള്ള വിവാദങ്ങളില്‍ മൗനം കവചമാക്കിയ പിണറായി, പുതുപ്പള്ളിയിലെ തിരിച്ചടിയും മൗനം കൊണ്ടുതന്നെയാണ് നേരിടുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു വിഷയത്തിലും അദ്ദേഹം പ്രതികരിക്കാത്തത് സി.പി.എമ്മുകാരെ പോലും അത്ഭുതപ്പെടുത്തുകയാണ്. മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. വിഷയം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കുഴല്‍നാടന്റെ വീടും ഓഫീസുമൊക്കെ പരിശോധന നടത്തിയിരുന്നു.
പുതുപ്പള്ളിയിലെ തോല്‍വിയിലും മുഖ്യമന്ത്രി മൗനം തുടരുമ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആകാംക്ഷ ഉടലെടുത്തിട്ടുണ്ട്. പിണറായിയുടെ തുടര്‍ രാഷ്ട്രീയ നീക്കങ്ങള്‍ എന്താകുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. പുതുപ്പള്ളിയില്‍ ബി.ജെ.പി വോട്ട് വാങ്ങിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകില്ലെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.
അതേസമയം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണമുണ്ടായി. പുതുപ്പള്ളിയിലെ യു.ഡി.എഫ് വിജയത്തെ ഒരു ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന്റെ പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്‍.ഡി.എഫ് ആകെ ദുര്‍ബലപ്പെട്ടെന്നും സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.