X

പിണറായി ബിജെപിയുടെ താരപ്രചാരകന്‍; ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായി പ്രവർത്തിക്കുന്നു: എം.എം ഹസൻ

സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍. ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായാണ് പിണറായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണി യോഗത്തില്‍ കാലെടുത്തുവെയ്ക്കാനുള്ള യോഗ്യത പോലും പിണറായിക്കില്ല. പ്രധാനമന്ത്രി ആരാകണമെന്ന് മുന്നണി യോഗം തീരുമാനിക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം കാണുമോയെന്ന കാര്യം പിണറായി ആലോചിക്കണം. ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് പിണറായി.

രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പിണറായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രകടനപത്രികയെ കുറിച്ച് ഒരു എതിരഭിപ്രായവും സിപിഎം പറഞ്ഞിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിണറായിക്ക് മാത്രം എന്താണ് ഇത്ര പ്രശ്‌നമെന്ന് അറിയില്ല. ബിജെപി – സിപിഎം അന്തര്‍ധാരയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയത കുത്തിനിറച്ച പരസ്യമാണ് ബിജെപി മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എം.എം.ഹസന്‍ അറിയിച്ചു. മതവികാരം ആളിക്കത്തിക്കുന്ന വാചകങ്ങളാണ് പരസ്യത്തിലുള്ളത്. ഇതിന് സ്‌ക്രൂട്ടിണി കമ്മിറ്റി എങ്ങനെ അനുമതി നല്‍കി എന്നത് അന്വേഷിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും.

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പോലീസ് ആണെന്നും പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണിതെന്നും അദ്ദേഹം ആരോപിച്ചു. കമ്മീഷണര്‍ക്ക് രഹസ്യ നിര്‍ദേശം കൊടുത്തത് പിണറായി വിജയനാണ്. ഇത് ബിജെപിയെ സഹായിക്കാനാണ്. ശബരിമലയിലും ഇത് തന്നെയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

webdesk13: