X

പിണറായി ബിജെപിയുടെ മൗത്ത് പീസ്; വിമര്‍ശിച്ച് വി.ഡി സതീശന്‍

രാഹുൽ ഗാന്ധിയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ബി.ജെ.പിയുടെ മൗത്ത്പീസായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്ന കാമ്പയിന്‍ 2014ല്‍ തുടങ്ങിയിരുന്നു. ബി.ജെ.പി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വിളിക്കുന്ന പേര് പിണറായി വിജയനും വിളിക്കട്ടെ. മോദിയുടെ തോളില്‍ കൈയിട്ട് പിണറായിയും ആ പേര് വിളിക്കട്ടെ. അപ്പോള്‍ ജനങ്ങള്‍ക്ക് മനസിലാകും പിണറായി ആരാണെന്ന്.

ബി.ജെ.പിയുടെ മൗത്ത് പീസായ പിണറായിയുടെ ശത്രു രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മാത്രമാണ്. പിണറായി വിജയന്‍ എന്തിനാണ് തന്നെ വിമര്‍ശിക്കുന്നതെന്നും എന്തുകൊണ്ടാണ് മോദിയെയും ബി.ജെ.പിയെയും വിമര്‍ശിക്കാത്തതെന്നുമാണ് രോഹുല്‍ ഗാന്ധി ചോദിച്ചത്. മോദിയെ വിമര്‍ശിക്കുന്ന എല്ലാ ഭരണകൂടങ്ങളെയും വേട്ടയാടുകയാണ്. രണ്ടു മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. എന്നിട്ടും താങ്കള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ ഒരു നോട്ടീസ് പോലും കിട്ടിയിട്ടില്ലല്ലോയെന്നുമാണ് രാഹുല്‍ ചോദിച്ചത്. ഇത് ശരിയല്ലേ? പ്രിന്‍സിപ്പല്‍ സെക്രട്ടറി ലൈഫ് മിഷന്‍ കോഴയില്‍ ജയിലിലായിട്ടും മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ല. ലാവലിന്‍ കേസ് എന്തുകൊണ്ടാണ് 38 തവണ മാറ്റിവച്ചത്? കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തില്‍ മൃദു സമീപനമാണെന്നും സതീശൻ ആരോപിച്ചു.

ന്യൂനപക്ഷ വോട്ട് കിട്ടാന്‍ വേണ്ടിയാണ് 35 ദിവസമായി പിണറായി വിജയന്‍ നാടകം കളിക്കുന്നത്. വര്‍ഗീയ ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസ് ഇല്ലെങ്കിലുള്ള അവസ്ഥ എന്തായിരിക്കും? അതൊക്കെ മനസിലാക്കാനുള്ള സാമാന്യബുദ്ധി ജനങ്ങള്‍ക്കുണ്ട്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണ് ജനങ്ങളുടെ പ്രതീക്ഷ. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നതില്‍ ബി.ജെ.പി നേതാക്കളെയും കടത്തിവെട്ടാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്.

മുഖ്യമന്ത്രി കഴിഞ്ഞ 35 ദിവസവും എഴുതി തയാറാക്കി കൊണ്ടു വന്ന ഒരേ കാര്യം തന്നെയാണ് പത്രസമ്മേളനത്തില്‍ പറയുന്നതും യോഗങ്ങളില്‍ പ്രസംഗിക്കുന്നതും. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയുമാണ് മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കുന്നതും ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്നതും രാഹുല്‍ ഗാന്ധിയാണ്.

തീര്‍ത്താല്‍ തീരാത്ത പ്രതികാരത്തോടെ മോദി ഭരണകൂടം എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് മുഖ്യമന്ത്രി പിണറായി വിജയനും എതിര്‍ക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിഹിതമായ ബാന്ധവത്തിനെതിരെ ജനങ്ങള്‍ അതിശക്തമായി തിരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും സതീശൻ പറഞ്ഞു.

19 സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മാണ് മോദി ഭരണകൂടത്തെ താഴെയിറക്കുമെന്ന് പറയുന്നതും പ്രകടനപത്രി ഇറക്കുന്നതും. 19 സീറ്റില്‍ മാത്രം മത്സരിക്കുന്നവര്‍ ഇന്ത്യയില്‍ അധികാരത്തില്‍ എത്തുമെന്ന് പറയുന്നത് തന്നെ ജനങ്ങളെ കബളിപ്പിക്കലാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ അതിശക്തമായ ജനരോഷവും പ്രതിഷേധവും അമര്‍ഷവുമുണ്ട്.

55 ലക്ഷം പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 45 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ഉള്‍പ്പെടെ ഒരു കോടി ജനങ്ങള്‍ക്ക് പെന്‍ഷന്‍ നിഷേധിച്ച സര്‍ക്കാരാണ് പിണറായിയുടേത്. മാവോലി സ്‌റ്റോറുകളില്‍ സാധനങ്ങളോ ആശുപത്രികളില്‍ മരുന്നോ ഇല്ലാത്ത അവസ്ഥയാണ്. കരാറുകാര്‍ക്ക് പണം നല്‍കാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്. കേരളത്തെ രൂക്ഷമായ ധനപ്രതിസന്ധിയിലാക്കിയിട്ടും അഴിമതിക്ക് മാത്രം ഒരു കുറവുമില്ല. ഈ സാഹചര്യത്തില്‍ യു.ഡി.എഫിന് വന്‍വിജയം നേടാനാകും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. ദേശീയതലത്തിലും കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ നിശബ്ദ തരംഗമുണ്ട്. ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഇന്ത്യയെ സ്‌നേഹിക്കുന്ന എല്ലാവരും ബി.ജെ.പി ഇനിയും അധികാരത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

webdesk13: