തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടിയെടുത്താല്‍ ഒരു കോടി രൂപ ഇനാം പാരിതോഷികമായി നല്‍കുമെന്ന ആര്‍.എസ്.എസിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി രംഗത്ത്. ഭീഷണി പുച്ഛിച്ചുതള്ളുന്നുവെന്നാണ് പിണറായി പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതാണ് രംഗത്തുവന്നത്. സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ല്‌പെടുന്നതിന്റെ പ്രതികാരമായി പിണറായിയെ വധിക്കണമെന്നായിരുന്നു കുന്ദന്‍ ചന്ദ്രാവത്തിന്റെ ആഹ്വാനം. തന്റെ സ്വത്തുക്കള്‍ വിറ്റിട്ടാണെങ്കിലും ഇനാം തുക നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന ചടങ്ങിലാണ് ചന്ദ്രാവത്തിന്റെ വിവാദ പരാമര്‍ശം. പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവര്‍ വേദിയിലിരിക്കെയാണ് കേരള മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. മംഗളൂരുവില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായിയെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പ്രതിഷേധം വകവെക്കാതെ പിണറായി ചടങ്ങില്‍ പങ്കെടുത്തതാണ് ആര്‍എസ്എസ് നേതാവിനെ ചൊടിപ്പിച്ചത്.
പിണറായിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മധ്യപ്രദേശിലെ ഒരു സംഘ പരിവാര്‍ നേതാവ് പ്രസംഗിച്ചതില്‍, പിണറായി വിജയന്റെ തല കൊയ്യുന്നതിന് ഇനാം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത കണ്ടു. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്; അതുകൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലല്ലോ. കൊലവിളിയെ പുച്ഛിച്ച് തള്ളുന്നു.