തിരുവനന്തപുരം: കുട്ടികള്‍ക്കുനേരെയുള്ള ആക്രമണം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കൊച്ചു പെണ്‍കുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ് കാണുന്നത്. പോലീസ് അതിശക്തമായ നടപടി എടുക്കും. കുറ്റവാളികള്‍ ആരായാലും നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.
ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാന്‍ കഴിയൂ. കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല.
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും.ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കും. ഇതിനായി പത്തു വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാളയാര്‍ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികള്‍ ആരായാലും രക്ഷപ്പെടില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ തന്നെ വാങ്ങികൊടുക്കും.