X

പിണറായി സര്‍ക്കാറിനെതിരെ സിപിഎം; ‘പ്രവര്‍ത്തനങ്ങളില്‍ പോരായ്മ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെതിരെ സിപിഎം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങള്‍ ഇടതു സര്‍ക്കാറിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കുന്നുണ്ടെന്ന് പാര്‍ട്ടി അംഗങ്ങള്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന പ്രത്യേക സെക്രട്ടറിയേറ്റ് യോഗത്തിലാണ് സിപിഎം പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്. പത്തു മാസക്കാലം സര്‍ക്കാര്‍ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കൊണ്ടുള്ള രേഖ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ വെച്ചു. വന്‍കിട പദ്ധതികള്‍ക്കൊപ്പം ജനകീയ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ജനകീയ മിഷനുകളെക്കുറിച്ചുള്ള പ്രചാരണം ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് സര്‍ക്കാറിന് ഉയരാന്‍ സാധിക്കുന്നില്ല. ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായി ഉയരുന്ന വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിഛായയെ ഒന്നാകെ ബാധിക്കുകയാണ്. ഇത് ഒഴിവാക്കിയാല്‍ മാത്രമേ മുന്നോട്ടുള്ള പ്രവര്‍ത്തനം സാധ്യമാകുകയുള്ളൂ. ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള വാക്‌പോരും ചേരിതിരിവും പ്രതിച്ഛായക്കു മങ്ങലേല്‍പിക്കാന്‍ കാരണമായതായി സിപിഎം നേതാക്കള്‍ പറഞ്ഞു.

chandrika: