ന്യൂഡല്‍ഹി: ബംഗാള്‍ ഘടകവും വി.എസ് അച്ച്യുദാനന്ദനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോള്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യെച്ചൂരി മത്സരിക്കുന്നതിനെ താന്‍ എതിര്‍ക്കുന്നു എന്നാണ് പിണറായി പറഞ്ഞത്. പി.ബിയുടേതും കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കേണ്ടതില്ല എന്ന നിലപാട് തന്നെയാണ്.
കോണ്‍ഗ്രസിന്റെ പിന്തുണയോടുകൂടി മത്സരിക്കുന്നത് സി.പി.എമ്മിന് യോജിച്ച കാര്യമല്ല. യെച്ചൂരി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ്. അതേ സ്ഥാനത്തിരുന്നുകൊണ്ട് പാര്‍ലമെന്ററി കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ കഴിയില്ല. ഇത് തന്റെ അനുഭവത്തില്‍ നിന്നുകൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കേന്ദ്രകമ്മിറ്റി വിഷയം ചര്‍ച്ചചെയ്യും.. അവിടെ തന്റെ അഭിപ്രായം ഉന്നയിക്കും’ ദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
ബംഗാളിലും ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം എട്ടിനാണു തിരഞ്ഞെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ചയാണ്. ബംഗാളില്‍ മല്‍സരം നടക്കുന്ന ആറില്‍ അഞ്ചുസീറ്റും ജയിക്കാന്‍ തൃണമൂലിന് സാധിക്കും. അവസാനിക്കുന്ന ഒരു സീറ്റില്‍ സീതാറാം യച്ചൂരിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.