‘മുസ്​ലിം സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ പിണറായി പലവട്ടം ശ്രമിച്ചിട്ടുണ്ട്’; രൂക്ഷ വിമർശനവുമായി ഇടത് ചിന്തകൻ ഡോ. ആസാദ്

പാണക്കാട് സയ്യിദ്‌ സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഇടത് ചിന്തകൻ ഡോ. ആസാദ്. സാദിഖലി തങ്ങൾക്കെതിരായ പരാമർശം വഴി തന്റെ മേലുള്ള കാവിത്തൊലി തുറന്നു കാട്ടുന്നതിൽ പിണറായി വിജയൻ ഒട്ടും ലജ്ജിക്കുന്നില്ല എന്നതാണ് അത്ഭുതമെന്ന് ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.

മുസ് ലിം ലീഗിനെ യു.ഡി.എഫിൽ നിന്ന് ചാടിക്കാൻ ശ്രമിച്ചപ്പോൾ സി.പി.എമ്മിന് ലീഗ് മതേതരവാദി പാർട്ടിയായിരുന്നു. യു.ഡി.എഫിൽ നിൽക്കുമ്പോൾ വർഗീയതയുടെ നിഴൽ വീഴ്ത്തണം. വർഗീയതയാണ് സി.പി.എമ്മിന് യുദ്ധോപകരണം. മുസ് ലിം സമൂഹത്തിനകത്ത് വിള്ളലുകൾ വീഴ്ത്താൻ പിണറായി പലമട്ട് ശ്രമിച്ചിട്ടുണ്ട്.

അതൊക്കെയും തൃപ്തിപ്പെടുത്തിയത് ബി.ജെ.പിയെയും സംഘ്പരിവാരങ്ങളെയുമാണ്. സി.പി.എമ്മിനെ പിണറായി എവിടെയാണ് എത്തിച്ചിരിക്കുന്നത് എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. സി.പി.എമ്മിനകത്ത് രാഷ്ട്രീയ വിചാരവും വിവേകവും ഉള്ളവർ ഗൗരവപൂർവം ചിന്തിക്കേണ്ട സമയമാണിതെന്നും ആസാദ് പോസ്റ്റിൽ പറയുന്നു.

 ഫേസ്ബുക്ക് പോസ്റ്റ്സ്റ്റിന്റെ പൂര്‍ണരൂപം:

പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങൾക്കു മേൽ ജമാ അത്തെ ഇസ്ലാമിയുടെ നിഴൽലേപനം നടത്തുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതുവഴി തന്റെ മേലുള്ള കാവിത്തൊലി തുറന്നു കാട്ടുന്നതിൽ അദ്ദേഹം ഒട്ടും ലജ്ജിക്കുന്നില്ല എന്നതാണത്ഭുതം. മുമ്പൊക്കെ ഇത്തരം വേഷാന്തരങ്ങളെ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നവർ ഇപ്പോൾ പച്ചഹിന്ദുത്വ രാഷ്ട്രീയം പറയാൻ ധൈര്യം കാണിക്കുന്നു!

ജമാഅത്തെ ഇസ്ലാമിയിലും എസ്.ഡി.പി.ഐയിലും പ്രവർത്തിക്കുന്ന അനേകം പേരുണ്ട്. അവരൊക്കെ വെറുക്കപ്പെട്ടവരായി സി.പി.എമ്മിനു തോന്നിത്തുടങ്ങിയത് അടുത്ത കാലത്താണ്. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ ബോദ്ധ്യമുള്ളവർ ഫാഷിസ്റ്റ് വിരുദ്ധ ചേരിയിൽ (തികഞ്ഞ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ) ഇവരെയെല്ലാം ഒപ്പം നിർത്തുന്നുണ്ട്.

അഥവാ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അവരെ മാറ്റി നിർത്തുന്നില്ല. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സി.പി.എം ജമാഅത്തെ ഇസ്ലാമിയുടെ ഒപ്പം പൊതുവേദി പങ്കിടുന്നുണ്ട്. കേരളത്തിൽ പല പഞ്ചായത്തുകളിലും സി.പി.എം പ്രതിനിധികൾ ജയിച്ചുവന്നത് വെൽഫയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പ്രവർത്തകരുടെ വോട്ടും പിന്തുണയും നേടിയാണ്. ഫാഷിസത്തെ മുഖ്യശത്രുവായി നേരിടുമ്പോൾ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ ആപത്താണ് എന്ന പഴയ നിലപാട് അസ്വീകാര്യമാണ്. ഇപ്പോൾ അടിയന്തര കടമ ഫാഷിസത്തെ തോൽപ്പിക്കലാണ്.

കേരളത്തിൽ പിണറായിയും സി.പി.എമ്മും ഏറ്റെടുത്തിരിക്കുന്നത് മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ മുദ്രാവാക്യമാണ്. കോൺഗ്രസ് വിമുക്ത ഭാരതമായാലും ന്യൂനപക്ഷത്തെ ഭീകരവാദികളും തീവ്രവാദികളുമായി മുദ്രയടിക്കുന്നതായാലും പുസ്തകം വായിക്കുന്ന വിദ്യാർത്ഥികളെ അർബൻ നക്സലൈറ്റുകളാക്കുന്നതായാലും യു.എ.പി.എ ചുമത്തുന്നതായാലും വ്യാജ ഏറ്റുമുട്ടൽകൊല നടത്തുന്നതായാലും ഒരേ മുദ്രാവാക്യത്തിൽ ഒന്നിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും. ഈ പുതിയ സംഘപരിവാര പക്ഷപാതമാണ് ഇപ്പോൾ തൊട്ടതിലെല്ലാം ജമാ അത്തെ വിരുദ്ധത കൊണ്ടുവരുന്ന അവസ്ഥയിൽ എത്തിച്ചത്. സന്ദീപ് വാര്യർ സി.പി.എമ്മിലേക്ക് പോകാത്തത് അവിടെയും ബി.ജെ.പിയുടെ നിഴൽ തെളിഞ്ഞു നിൽക്കുന്നതു കൊണ്ടാവണം.

ജമാഅത്തെ ഇസ്ലാമിയോടും എസ്.ഡി.പി.ഐയോടും വിയോജിപ്പും വിമർശനവും ഉള്ളവർ അവരെ ആശയപരമായി നേരിടണം. രാഷ്ട്രീയമായി തുറന്നു കാട്ടണം. തീവ്രവാദി എന്നു ചാപ്പ കുത്തി തൊട്ടുകൂടാത്തവരാക്കി അകറ്റി നിർത്തുകയല്ല വേണ്ടത്. അത് അപരിഷ്കൃത സമൂഹത്തിന്റെ രീതിയാണ്. ആ വിഭാഗങ്ങളിൽ പെട്ടവരുടെ വോട്ടു വേണ്ട എന്ന് പറയുന്നത് വലിയ മേന്മയല്ല. അത് ഹിന്ദു സമൂഹത്തെ കബളിപ്പിക്കാനുള്ള കൗശലം മാത്രമാണ്. ഇക്കാര്യത്തിൽ അവർ കാണുന്നത് അയിത്തത്തിനുള്ള തിട്ടൂരമിടേണ്ടത് സി.പി.എം നേതൃത്വമാണെന്നാണ്. അയിത്തം എന്നേ ഉപേക്ഷിക്കുകയും ജനാധിപത്യ ജീവിതത്തിലേക്കു കുതിക്കുകയും ചെയ്ത സമൂഹങ്ങളിൽ ഒരുവിധ അയിത്തവും നിലനിൽക്കില്ല. ജനാധിപത്യ സംവാദങ്ങളേ സാദ്ധ്യമാകൂ.

ഇനി അഥവാ ചില വിഭാഗങ്ങൾ തീവ്രവാദികളോ ഭീകരവാദികളോ ആണെന്ന് തെളിവുകളുണ്ടെങ്കിൽ അവരെ കാണുമ്പോൾ വിട്ടുപോവുകയല്ല, ഭരണഘടനയും നിയമവ്യവസ്ഥയും മുൻനിർത്തി കുറ്റവിചാരണക്കു വിധേയമാക്കി ശിക്ഷിക്കുകയാണ് വേണ്ടത്. കേരളവും കേന്ദ്രവും ഭരിക്കുന്നവർക്ക് അതിനുള്ള ബാദ്ധ്യതയുണ്ട്. അത് ചെയ്യാതെ, സ്വന്തം താൽപ്പര്യത്തിനൊപ്പം അവരെ കിട്ടുന്നില്ലെന്നു കാണുമ്പോൾ അവർ ഭീകരരാണ് എന്നു മുറവിളികൂട്ടുന്നത് കോമാളിത്തമാണ്. അത് ഒരു ഫലിതംപോലുമല്ല.

മുസ്ലീംലീഗിനെ യു.ഡി.എഫിൽ നിന്നു ചാടിക്കാൻ ശ്രമിച്ചപ്പോൾ സി.പി.എമ്മിന് ലീഗ് മതേതരവാദി പാർട്ടിയായിരുന്നു. യു.ഡി.എഫിൽ നിൽക്കുമ്പോൾ വർഗീയതയുടെ നിഴൽ വീഴ്ത്തണം. വർഗീയതയാണ് സി.പി.എമ്മിന് യുദ്ധോപകരണം. മുസ്ലീം സമൂഹത്തിനകത്ത് വിള്ളലുകൾ വീഴ്ത്താൻ പിണറായി പലമട്ടു ശ്രമിച്ചിട്ടുണ്ട്. അതൊക്കെയും തൃപ്തിപ്പെടുത്തിയത് ബി.ജെ.പിയെയും സംഘപരിവാരങ്ങളെയുമാണ്. സി.പി.എമ്മിനെ പിണറായി വിജയൻ എവിടെയാണ് എത്തിച്ചിരിക്കുന്നത് എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. സി.പി.എമ്മിനകത്ത് രാഷ്ട്രീയ വിചാരവും വിവേകവും ഉള്ളവർ ഗൗരവപൂർവ്വം ചിന്തിക്കേണ്ട സമയമാണിത്.

webdesk13:
whatsapp
line