മാന്യമിത്രമേ, ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിര്‍ഭയം നിര്‍വ്വഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് താനെന്ന് ജി.ശക്തിധരന്‍. വര്‍ഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം തേജോവധം ചെയ്യുന്നത് കണ്ണുള്ളവര്‍ കാണുന്നുണ്ടാകുമല്ലോ. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് ഇത് ചെയ്തു കൊണ്ടിരിക്കുന്നത്. ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത ഹിംസ്രജന്തുക്കളോട് വേദോപദേശം നടത്തിയിട്ട് കാര്യമില്ല എന്നറിയാം.
മുമ്പ് തലസ്ഥാനത്തെ മിടുമിടുക്കിയായ ഒരു സീനിയര്‍ വനിതാ മലയാളി ജേര്‍ണലിസ്റ്റിനെ സൈബര്‍ കാളികൂളി സംഘം പിച്ചിച്ചീന്തുന്നത് കണ്ടപ്പോള്‍, ഈ ക്ഷുദ്രപ്രവര്‍ത്തനം എല്ലാ സീമകളും ലംഘിക്കുകയാണെന്നു മാനവികതയുടെ പേരില്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്റെ അഭിപ്രായം തെല്ലും കാലുഷ്യമില്ലാതെ സ്‌നേഹത്തോടെ മാനിക്കുകയും തത്സമയം ഡിജിപിയെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. കാര്യപ്രാപ്തിയുള്ള ഒരു ഭരണാധികാരി എന്ന നിലയില്‍ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം ആര്‍ജ്ജിച്ച സിദ്ധിയാണത്. ഓരോ കമ്മ്യുണിസ്റ്റ്കാരനും അങ്ങിനെയാണ്.
ജനങ്ങളുടെ ഏതെങ്കിലും ഒരു വിഷയം ഉള്ളില്‍തട്ടുന്ന വിധം ഞാനായാലും മറ്റൊരാളായാലും പ്രതിപക്ഷമായാലും അവതരിപ്പിച്ചാല്‍ അതിനു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു മനുഷ്യനേയല്ല മുഖ്യമന്ത്രി. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സെക്രട്ടറിയേറ്റിന് മുന്നിലെ അതിദയനീയമായ പ്രതിഷേധസമരം നീണ്ടുപോയപ്പോള്‍ അതില്‍ ഹൃദയംനൊന്ത് ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ് പാതിരാത്രി വരെ എന്നെ ഫോണിലൂടെ ശല്യം ചെയ്തു കൊണ്ടിരുന്നു. ഞാന്‍ ഇടപെട്ടാല്‍ പ്രശ്‌നം തീരുമെന്ന ചിന്ത എങ്ങിനെയോ അദ്ദേഹം വിചാരിച്ചു. അവസാനം പുലര്‍ച്ചെ സഖാവ് കോടിയേരിയെ വിളിച്ചു വിവരം പറഞ്ഞു. സംസ്ഥാന റേഷന്‍കട വ്യാപാരികളുടെ സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ ആലപ്പുഴയിലായിരുന്നു കോടിയേരി.
മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ സംസാരിക്കുന്ന പ്രശ്‌നമേയില്ലെന്ന് വ്യക്തമാക്കി. ആ വിഷയം ആരൊക്കെയോ ചേര്‍ന്ന് കുളമാക്കിയതിന്റെ കലിപ്പ് ആയിരുന്നു അതെന്ന് മനസിലായി. ഏതാനും മിനിട്ട് കഴിഞ്ഞപ്പോള്‍ കോടിയേരി എന്നെ വിളിച്ചിട്ട് മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിക്കാന്‍ പറഞ്ഞു. ഞാന്‍ അത് നടക്കില്ലെന്ന് കട്ടായം പറഞ്ഞു. കോടിയേരി ഒരിക്കല്‍ക്കൂടി വിളിച്ചിട്ടു പറഞ്ഞു, ഒരു മെസ്സേജ് അയച്ചുകൂടെ എന്ന്. അത് സമ്മതിച്ചു. മൂന്നോ നാലോ വരിയുള്ള മെസ്സേജ് വിട്ടു. ഇത്രമാത്രമാണ് അതില്‍ പറഞ്ഞത്: ഈ സമരം ഭൂമണ്ഡലമാകെ കണ്ടുകൊണ്ടിരിക്കുകയാണ്. ഭാഷ അറിയാത്തവരും ലോകഭൂപടത്തില്‍ പലയിടങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നുണ്ടാകും. അവര്‍ അന്വേഷിക്കുമ്പോള്‍ ഇതാണ് ഏകെജിയുടെ നാട്ടിലെ ഹതഭാഗ്യര്‍ എന്ന് അറിയുമ്പോള്‍, അതൊന്ന് ഓര്‍ത്തുനോക്കൂ എന്നായിരുന്നു ഞാനയച്ച മെസ്സേജെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ആയിരുന്നിട്ടും മിനിറ്റുകള്ക്കുള്ളില്‍ ഭരണയന്ത്രം സടകുടഞ്ഞെണീറ്റു അതിസമര്‍ത്ഥനായ എം വി ജയരാജന്‍ ഈ പാവങ്ങളെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചു വിസ്മയകരമായ വേഗത്തില്‍ പ്രശ്‌നം തീര്‍ത്തു. ദീനദയാലുവായ എം വി ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്തനാണ്. അടുത്തയിടെ ബാങ്ക് വായ്പ്പ എടുത്ത് കടഭാരം കൊണ്ട് ആത്മഹത്യ ചെയ്ത സ:പൂജപ്പുര സാംബന്റെ കാര്യത്തിലും സഹതാപാര്‍ഹമായ ഇടപെടല്‍ ആണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ തലേദിവസത്തെ യോഗത്തിലെ മന്ത്രി ശൈലജയുടെ തീരുമാനമെല്ലാം അസാധുവാക്കി. ആ ശാന്തത സൃഷ്ടിച്ചത് ആരെന്ന് ഏതെങ്കിലും മലയാളി അറിഞ്ഞിട്ടുണ്ടോ?.
മുഖ്യമന്ത്രിയുടെ ഇങ്ങിനെ ഒരു മുഖം കൂടി ജനങ്ങള്‍ അറിയണം. ഭരണാധികാരി അതിനൊരു
സ്‌റ്റേറ്റ്‌സ്മാന്‍ ആയിരിക്കണം. ഒട്ടേറെത്തവണ ഇതേ അനുഭവം കെ കരുണാകരനില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. കാബിനറ്റ് ബ്രീഫിങ് കഴിഞ്ഞാല്‍ വട്ടം ചുറ്റിപ്പിടിച്ചു ഒരു അഭ്യര്‍ത്ഥനയുണ്ട് ‘ഒന്ന് കാണണം. ഇപ്പോള്‍ വിട്ടേക്കാം. ‘ഇപ്പോളെല്ലാം ഗുണഭോക്താവ് തൊഴിലാളിവര്‍ഗ്ഗമായിരുന്നു. എണ്ണിയെണ്ണി പറയാനുണ്ട്., ലീഡറുടെ മഹാമനസ്‌കതയും. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിയുടെ അനാരോഗ്യം മുതലെടുത്തു മൂന്നുനാല് പേര് അടങ്ങിയ ഒരു ‘അടുക്കള സംഘം’ ഭരണഘടനാ ബാഹ്യശക്തിയായി മാറിയതോടെ മുഖ്യമന്ത്രി ശീര്‍ഷാസനത്തിലായി. മുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞതോടെ സ്വയംവിമര്‍ശനം നടത്തി തെറ്റ് തിരുത്തുകയല്ല, കൂടുതല്‍ ആക്രമണോല്‌സുകമായി മാറുകയാണ് സൈബര്‍ കാളികൂളി സംഘം. എനിക്കെതിരെ നേരത്തെ ദിവസം പ്രതി ഇട്ടിരുന്ന അശ്ലീല പോസ്റ്റ് ഇപ്പോള്‍ ഓരോ മണിക്കുറിലുമാക്കി ഉയര്‍ത്തി. കടുപ്പമുള്ള പുതിയ തെറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അനുചരന്മാര്‍. ഞാന്‍ മലയിന്കീഴ് പൊലീസ് സ്‌റ്റേഷനില്‍ പലവട്ടം നേരില്‍ പോയി പരാതി സമര്‍പ്പിച്ചിട്ടും മൊഴികൊടുത്തിട്ടും സൈബര്‍ വിഭാഗത്തില്‍ പരാതി എഴുതിക്കൊടുത്തിട്ടും ഫലമുണ്ടായില്ല.
നീതി നിര്‍വഹിക്കപ്പെടില്ല എന്ന് അറിയുമ്പോള്‍, അതും ഒരു ഒളി യുദ്ധത്തില്‍, ഒരു കുടുംബം എത്ര നിസ്സഹായാവസ്ഥയില്‍ ചെന്നുപെടുന്നു എന്നത് ഒരാള്‍ക്ക് അനുഭവിക്കുമ്പോഴേ മനസ്സിലാകൂ.
പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ എന്റെ കുടുംബത്തെ അപമാനിക്കുമ്പോള്‍ എന്റെ കൂടെപ്പിറപ്പു പോലെ ഉള്ള ഒരാള്ക്ക് ഒരു ദുഖവുമില്ല? പാര്‍ട്ടിയിലെ അടിമത്വം അങ്ങിനെയാണ്. ആ നേതാവിനും ഒരു മകള്‍ ഉണ്ട്. എത്ര ദുഃഖഭാരത്തോടെയാണ് ഞാന്‍ എന്റെ മക്കളുടെയും ഭാര്യയുടെയും കഥ വിവരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി അദ്ദേഹത്തിനുമുണ്ടായില്ല. ഭയമാണ് അദ്ദേഹത്തിനും.
കഴിഞ്ഞ വര്‍ഷമാണ് എന്റെ അമ്മ മരിച്ചത്. അമ്മ നിര്‍ദേശിച്ചിരുന്ന ഒരു കാര്യം, എന്റെ അനുജത്തി അപ്പോഴും ഓര്‍മ്മിപ്പിച്ചു. നേമം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കണ്ണൂരില്‍ നിന്നുള്ള പി. സതിദേവി അടക്കം ഒരു ഡസനോളം പെണ്കുട്ടികളെ എന്റെ വീട്ടില്‍ ഒരുമാസത്തോളം താമസിപ്പിച്ചിരുന്നു. ഫലം വന്നപ്പോള്‍ സിപിഎം വന്‍ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും സതിദേവി അടക്കം പലരും പല പദവികളില്‍ എത്തിയെങ്കിലും ഇത്രയും പൊന്നുപോലെ നോക്കിയ അമ്മയെ ഒരു തവണ പോലും കാണാന്‍ എത്തിയില്ല. എന്നാല്‍, ആനാവൂര്‍ മാത്രം കുറച്ചുനാള്‍ കഴിഞ്ഞു എന്റെ വീട്ടില്‍ എത്തി സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞുവത്രേ. അങ്ങനെയുള്ള കുടുംബത്തെ ഇങ്ങിനെ അപകീര്ത്തിപ്പെടുത്തിയിട്ടും ആനാവൂരിന്റെ മനസ്സില്‍ ഇപ്പോള്‍ ഒരു ഖേദവുമില്ല. നിസ്സംഗത?.
1994 (ഇന്ന്) ജൂണ്‍ 30 നായിരുന്നു എന്റെ അച്ഛന്റെ മരണം. (ഇന്ന്) ചരമവാര്‍ഷികം. അന്ന് അനുശോചനം അറിയിക്കാന്‍ വിവിധ തുറകളില്‍പെട്ട വന്‍ ജനാവലി എന്റെ വീട്ടില്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് ശ്രീ കെ.ജി മാരാര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്നത് സഖാവ് ഇ.കെ നായനാര്‍ ആയിരുന്നു. മനസ്സ് വീര്‍പ്പുമുട്ടുന്നുണ്ടാകുന്നത് കാരണമാകാം, മാരാര്‍ജി നായനാരെ ഓര്‍മ്മിപ്പിക്കുന്നത് കേട്ടു. ‘ഞാന്‍ ഈ വീട്ടില്‍ മുമ്പൊരു പാതിരാത്രി വന്നിരുന്നു നായനാരെ’. ഞാനും നായനാരും ഒരേപോലെ മാരാര്‍ജിയുടെ മനസ്സ് കൂടുതല്‍ തുറക്കരുതേ എന്ന് ആഗ്രഹിച്ചുപോയി. എന്തെന്നാല്‍ ആ രാത്രിയില്‍ കണ്ണൂരില്‍ സ്‌കോര്‍ ബോര്‍ഡില്‍ ചത്തുമലച്ചവരുടെ എണ്ണം ഏഴോ എട്ടോ എത്തിയിരുന്നു. ഒരു മനുഷ്യസ്‌നേഹിയ്ക്കു ആ ദിവസം ട്രിവാന്‍ഡ്രം ഹോട്ടലില്‍ കിടന്നിട്ട് ഉറക്കം വന്നില്ല. അദ്ദേഹത്തിന്റെ പേരാണ് മാരാര്‍ജി. എന്റെ വീട്ടില്‍ ഇരുന്നു അരമണിക്കൂറോളം നേരം സംസാരിക്കുമ്പോഴും മാരാര്‍ജി കണ്ണ് തുടച്ചുകൊണ്ടേയിരുന്നു. നേരം വെളുത്തോട്ടെ; ആദ്യ ബസില്‍ തന്നെ എകെജി സെന്ററില്‍ പോകാമെന്ന് വാക്കുകൊടുത്തു പിരിഞ്ഞു. രാവിലെ ചെന്നപാടെ നായനാരോട് രാത്രി നടന്ന സംഭാഷണ വിവരം പറഞ്ഞപ്പോള്‍ ഒരു കുട്ടിയെപ്പോലെ കരയുകയായിരുന്നു നായനാര്‍. കൂടുതല്‍ നീട്ടുന്നില്ല. ഉച്ചയ്ക്ക് പ്രാദേശിക വാര്‍ത്ത കേട്ടപ്പോള്‍ കേരളം ദീര്‍ഘനിശ്വാസം വിട്ടു. ‘ഇതുവരെ ഒരാളും കൊല്ലപ്പെട്ടിട്ടില്ല. കണ്ണൂര്‍ ശാന്തം’ ആ കേരളം സൃഷ്ട്ടിച്ചത് ആരെന്ന് ഏതെങ്കിലും മലയാളി അറിഞ്ഞിട്ടുണ്ടോ?. അമേരിക്കയും സോവിയറ്റ് റഷ്യയും ഒരേ ബട്ടണില്‍ അമര്‍ത്തിയപോലെ.
ഒരു ജന്മമേ ഉള്ളൂ മനുഷ്യന്. അരവയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം എ ബേബിക്ക് ഫോര്‍വേര്‍ഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്‌നമായിരുന്നു പ്രതികരണം. അദ്ദേഹത്തിന്റെ കണ്ണിലും കണ്ണീര്‍ ഊറുന്നതും പൊട്ടുന്നതും കണ്ടു. ഈ പരിതസ്ഥിതിയില്‍ ഫേസ്ബുക്കിലെ എന്റെ വ്യക്തിപരമായ അക്കൗണ്ട് പ്രവര്‍ത്തനം മരവിപ്പിക്കുകയാണ്. ഇത് ഒരു ചുവട് പിന്നോട്ട് വെക്കലല്ല. ഫേസ്ബുക്കിലെ എന്റെ അക്കൗണ്ട് മരവിപ്പിച്ചാലേ ഈ സമൂഹത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കൂ എന്നൊരു സന്ദേശമാണ് സൈബര്‍ കാളികൂളി സംഘം നല്‍കുന്നത്. അവരുടെ കണ്‍കണ്ട ദൈവത്തെ ആരും വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശനങ്ങള്‍ക്കും തെറ്റ് തിരുത്തലുകള്‍ക്കും അതീതനാണ് അവരുടെ ദൈവം എന്നത് എല്ലാവരും സമ്മതിച്ചുകൊടുക്കണം. ഇതെന്താ വെള്ളരിക്കാപട്ടണമാണോ? ഇതിനെ മുട്ടുകുത്തിക്കാന്‍ ഇന്നത്തെ കരുത്തു പോരാ. പ്രഹരശേഷി പതിന്മടങ്ങാക്കണം. കൂടുതല്‍ വേഗത്തിലും. കൈതോലപ്പായയില്‍ സൂക്ഷിച്ച വിത്ത് ഇപ്പോള്‍ വന്‍മരം ആയിട്ടുണ്ടാകും. ആ രഹസ്യസങ്കേതങ്ങളിലേക്ക് കടന്നുകയറി ടോര്‍ച്ചു തെളിച്ചും തൊണ്ടിമുതല്‍ സൂം ചെയ്തും യഥാര്‍ത്ഥ കള്ളന്റെ ഇരിപ്പിടം കാണിച്ചും മുന്നോട്ടുപോകാനാകണം. അതിന് ജനശക്തി ഓണ്‍ ലൈന്‍ സംവിധാനം ഉടനെ സാധിതപ്രദമാക്കണം. ഷമിമവെമസവേശീിശഹില.ശി ,ഷമിമവെമസവേശീിഹശില.രീാ. ഇതോടൊപ്പം ജനശക്തിയുടെ യൂട്യൂബ് ചാനലിലേക്കും പ്രവേശിക്കുകയാണ്.
ഞങ്ങള്‍ വിക്കിലീക്‌സോ വിസില്‍ ബ്ലോവറോ അല്ല. സാധാരണ മനുഷ്യര്‍. ഈ അമ്പെയ്ത്തില്‍ ഏതെങ്കിലും നരാധമന്‍ കടപുഴകി വീണാല്‍ അതൊരു ചരിത്ര നിയോഗം ആയിരിക്കും. എല്ലാ മാളങ്ങളും ഞങ്ങള്‍ പരിശോധിക്കും. ഞങ്ങള്‍ വക്കില്‍ തൊട്ടപ്പോള്‍ തന്നെ, കായംകുളം കൊച്ചുണ്ണിയെപ്പോലെ ഒരാള്‍ എത്ര കോടികള്‍ അപഹരിച്ചെടുത്തു എന്ന് കണ്ടതാണ്. അപഹരിച്ച പണമല്ല പൊതിഞ്ഞ പായയും കൊണ്ടുപോയ കാറിനേയും ചൊല്ലിയാണ് വിവാദം. അമുക്കിയ കോടികളെക്കുറിച്ചും തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.