പൈലറ്റുമാരുടെ അഭാവംമൂലം പ്രധാന നഗരങ്ങളില്‍നിന്നുള്ള 38 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി വിസ്താര എയർലൈൻസ്. മുംബൈയില്‍ നിന്നുള്ള 15 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളും റദ്ദാക്കിയതായി വിസ്താര ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞങ്ങളുടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെ ഞങ്ങളുടെ വിവിധ കാരണങ്ങളാലാണ് ഇത് സംഭവിച്ചത്. ഇതുകാരണം ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യം ഞങ്ങള്‍ മനസിലാക്കുന്നു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്’, വിസ്താര പ്രസ്താവനയിൽ പറഞ്ഞു.
തുടര്‍ച്ചയായി വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോട്ട് കൈമാറാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിസ്താരയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ പരിഹരിക്കാനായി വിമാന കമ്പനി കൈക്കൊണ്ടിട്ടുള്ള നടപടികൾ വിശദമാക്കാനും നിർദേശിച്ചിട്ടുണ്ട്.