വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങള്‍ ബി.ജെ.പിക്കകത്ത് രൂക്ഷമായ യുദ്ധത്തിന് വഴിമാറുമ്പോള്‍ ലോക്്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയില്‍. പത്തനംതിട്ട സീറ്റ് കെ. സുരേന്ദ്രന് വിട്ടുകൊടുക്കേണ്ടി വന്നതിന്റെ മന:പ്രയാസം പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പരസ്യമായി സൂചിപ്പിച്ചതോടെ ഇരുനേതാക്കളും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്ന് സുരേന്ദ്രനും അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ളയും പ്രതികരിച്ചതോടെ ഇരുനേതാക്കളും രണ്ടുവഴിക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ശ്രീധരന്‍പിള്ള പിന്നീട് തിരുത്തിയെങ്കിലും പ്രധാന വിഷയത്തില്‍ രണ്ടഭിപ്രായം വന്നത് അണികളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തല്‍. താനാണ് സംസ്ഥാന പ്രസിഡണ്ട് എന്ന് പരസ്യമായി സുരേന്ദ്രനെ വെല്ലുവിളിച്ച ശ്രീധരന്‍പിള്ള പക്ഷെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശബരിമല വിഷയം സുവര്‍ണാവസരമാണെന്ന് നേരത്തെ പ്രഖ്യാപിച്ച ശ്രീധരന്‍പിള്ള തന്നെയാണ് ഇപ്പോള്‍ വ്യത്യസ്തമായ അഭിപ്രായം മുന്നോട്ടുവെക്കുന്നത്. ഇത് സുരേന്ദ്രനെ അടിക്കാനുള്ള വടി മാത്രമാണെന്ന് പാര്‍ട്ടിക്കാര്‍ തിരിച്ചറിയുന്നു.
കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിയിലേക്ക് പോയ സാഹചര്യത്തില്‍ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലുള്ള പോരാട്ടത്തിന് തുടക്കമായിരുന്നു. പ്രസിഡണ്ട് സ്ഥാനത്തേക്ക് മുരളീധര വിഭാഗം സുരേന്ദ്രനെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ട് ശ്രീധരന്‍പിള്ളക്ക് രണ്ടാമൂഴം നല്‍കുകയായിരുന്നു. എന്നാല്‍ രണ്ടാമതും പ്രസിഡന്റ് പദത്തിലെത്തിയ ശ്രീധരന്‍പിള്ളക്ക് തൊട്ടതെല്ലാം പിഴക്കുന്നതാണ് പിന്നെ കണ്ടത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി രണ്ടുതവണ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ‘സുവര്‍ണാവസര’ പ്രസംഗവും ഗുണത്തെക്കാളേറെ ദോഷം ചെയ്തു. നിലക്കലിലെ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത് വലിയ ക്ഷീണമായാണ് ദേശീയ നേതൃത്വം വിലയിരുത്തിയത്. ഇവിടെയും പ്രതിസ്ഥാനത്ത് ശ്രീധരന്‍പിള്ളയായിരുന്നു. ശബരിമല സംഭവത്തില്‍ ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞ സുരേന്ദ്രനെ മോചിപ്പിക്കാന്‍ പാര്‍ട്ടിസംവിധാനം വേണ്ടപോലെ ഉപയോഗിച്ചില്ല എന്ന പരാതിയും ശക്തമായിരുന്നു. പാര്‍ട്ടിതലത്തിലുള്ള എതിര്‍പ്പ് രൂക്ഷമായപ്പോഴാണ് ശ്രീധരന്‍പിള്ള സുരേന്ദ്രന്റെ വസതി സന്ദര്‍ശിക്കാന്‍ തയാറായത്. സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം സേവ് കെ.എസ് ഫോറം രൂപീകരിച്ച് രംഗത്തെത്തിയതും ശ്രീധരന്‍പിള്ളക്ക് പ്രഹരമായി. ജയില്‍മോചിതനായ സുരേന്ദ്രന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കാന്‍ ഫോറമാണ് മുന്‍കയ്യെടുത്തത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്വന്തമാക്കാന്‍ ശ്രീധരന്‍പിള്ള കരുക്കള്‍ നീക്കിയിരുന്നു. തിരുവനന്തപുരത്ത് നിര്‍മലാ സീതാരാമന്‍ വരുമെന്ന പ്രചാരണം അഴിച്ചുവിട്ടു. അല്ലെങ്കില്‍ കുമ്മനം രാജശേഖരന്‍ എത്തുമെന്ന് പ്രഖ്യാപിച്ചു. കുമ്മനം തിരിച്ചെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതീക്ഷിച്ചിരുന്നില്ല. ആര്‍.എസ്.എസ് ഇടപെട്ട് കുമ്മനം വന്നതോടെ പിള്ളയുടെ പ്രതീക്ഷ മങ്ങി. പത്തനംതിട്ടയില്‍ എന്‍.എസ്.എസിനെ പിടിച്ച് മത്സരരംഗത്ത് നില്‍ക്കാമെന്ന പിള്ളയുടെ കണക്കുകൂട്ടലും തെറ്റി. ഇവിടെ കെ. സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. പാലക്കാട് ശോഭാസുരേന്ദ്രനെ രംഗത്തിറക്കാന്‍ ശ്രീധരന്‍പിള്ള ശ്രമിച്ചിരുന്നെങ്കിലും മുരളീധര പക്ഷത്തിന്റെ സമ്മര്‍ദം കാരണം സി. കൃഷ്ണകുമാറിന് സീറ്റ് കിട്ടി. ശോഭാസുരേന്ദ്രന് ആറ്റിങ്ങലിലേക്ക് മാറേണ്ടി വന്നു. കഴിഞ്ഞതവണ പത്തനംതിട്ടയില്‍ മത്സരിച്ച എം.ടി രമേശിനും ഇത്തവണ സീറ്റ് കിട്ടിയില്ല. ഏതായാലും തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ശ്രീധരന്‍പിള്ളക്കെതിരെ പാര്‍ട്ടിക്കകത്ത് എതിര്‍പ്പ് അനുദിനം കൂടി വരികയാണ്. ഇത്തവണ താമര വിരിയാതെ പോയാല്‍ ശ്രീധരന്‍പിള്ള മറുപടി പറയേണ്ടിവരും.