X

ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും

വിശുദ്ധ ഹജ്ജ് കര്‍മ്മം സുഖകരമായി നിര്‍വഹിച്ച് ഹാജിമാര്‍ ഇന്ന് മിന താഴ്‌വരയോട് വിടപറയും. മൂന്ന് ജംറകളിലെയും കല്ലേറ് പൂര്‍ത്തിയാക്കിയാണ് ഇന്ന് വൈകീട്ടോടെ ഹാജിമാരുടെ മടക്കം. അയ്യാമു തശ്‌രീഖിന്റെ ആദ്യ ദിനം ജംറത്തുല്‍ അഖ്ബയില്‍ കല്ലെറിഞ്ഞ ഹാജിമാര്‍ മുടികളഞ്ഞ ശേഷം ബലികര്‍മ്മം നിര്‍വഹിച്ചു. രണ്ടാം ദിനമായ ഇന്നലെ ജംറതുല്‍ അഖ്ബ, ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത എന്നീ മൂന്ന് ജംറകളില്‍ കല്ലെറിഞ്ഞു. ഇന്നും മൂന്ന് ജംറകളിലും കല്ലേറ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് മിനായില്‍ നിന്ന് മക്കയിലേക്ക് തിരിക്കും.ഇന്നലെയും ഇന്നും ആഭ്യന്തര ഹാജിമാര്‍ക്ക് വേണ്ടിയാണ് ത്വവാഫിന് സമയം അനുവദിച്ചിരിക്കുന്നത്.

നാളെയാണ് വിദേശ ഹാജിമാര്‍ക്ക് ത്വവാഫ് നിര്‍വഹിക്കാനുള്ള സമയം. ആഭ്യന്തര ഹാജിമാര്‍ എത്തിയതോടെ മതാഫ് എല്ലാ നിലകളിലും നിറഞ്ഞു കവിഞ്ഞു. ഹാജിമാരെ സുഗന്ധം വിതറിയാണ് പുണ്യ ഗേഹത്തിന് സമീപത്തേക്ക് സ്വീകരിച്ചത്. ഇന്നലെ വൈകീട്ടോടെ തന്നെ ആഭ്യന്തര ഹാജിമാര്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലേക്കു തിരിച്ചു. റൗള സന്ദര്‍ശനം പൂര്‍ത്തിയാക്കി അവര്‍ സ്വദേശങ്ങളിലേക്ക് മടങ്ങും.

കേരളത്തില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പിലെത്തിയ ഹാജിമാര്‍ ഇന്നലെ കല്ലേറ് പൂര്‍ത്തിയാക്കി വിടവാങ്ങല്‍ ത്വവാഫിനായി വിശുദ്ധ ഹറമിലെത്തിയിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങും. കെഎംസിസി സഊദി നാഷനല്‍ കമ്മിറ്റിയുടെ കീഴില്‍ മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ പുണ്യഭൂമിയില്‍ അല്ലാഹുവിന്റെ അതിഥികളെ സഹായിക്കാന്‍ രാപകലില്ലാതെ രംഗത്തുണ്ടായിരുന്നു.

Chandrika Web: