X

ഹാജിമാരുടെ മടക്കം നാളെ മുതല്‍

വിശുദ്ധ കര്‍മ്മം നിര്‍വഹിച്ച വിദേശ ഹാജിമാര്‍ പുണ്യാനഗരമായ മക്കയോട് വിടയോതി പ്രവാചക നഗരിയായ മദീനയിലേക്ക് യാത്ര തുടങ്ങി. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വന്ന ഇന്ത്യന്‍ ഹാജിമാരില്‍ 24,637 പേര്‍ റൗളാ സന്ദര്‍ശനത്തിനായി നാളെ മക്കയില്‍ നിന്ന് മദീനയിലേക്ക് പോകും. എട്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മദീനയില്‍ നിന്ന് തന്നെയാണ് ഇവര്‍ സഊദി എയര്‍ലൈന്‍സില്‍ നാട്ടിലേക്ക് മടങ്ങുക.

നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ ഹജ്ജിനെത്തിയ മലയാളി ഹാജിമാരുടെ 377 പേരടങ്ങുന്ന ആദ്യ സംഘം നാളെ കൊച്ചിയിലേക്ക് യാത്ര തിരിക്കും. മദീനയിലെത്തിയ ക്രമപ്രകാരമാണ് ഹാജിമാരുടെ മടക്ക യാത്രയും നിശ്ചയിട്ടുള്ളത്. ഓഗസ്റ്റ് ഒന്നിന് മുമ്പായി മുഴുവന്‍ മലയാളി ഹാജിമാരും നാട്ടിലെത്തും.മക്കയില്‍ നേരിട്ടത്തിയ വിദേശി ഹാജിമാരാണ് ഇപ്പോള്‍ മദീനയിലേക്ക് പുറപ്പെടുന്നത്. പുണ്യഭൂമിയോട് വിടപറയുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്കും മദീന സന്ദശര്‍ശനത്തിനും അയക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. മദീനയിലെത്തുന്ന തീര്‍ഥാടകര്‍ ജന്നതുല്‍ ബഖീഅ്, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ്, ഖിബ്‌ലതൈന്‍ പള്ളി , ഉഹ്ദ് താഴ്‌വര തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും മദീനയോട് വിട പറയുക. ഈ വര്‍ഷത്തെ ഹജ്ജ് സുഗമമായി പര്യവസാനിച്ച് തീര്‍ത്ഥാടകര്‍ മദീനയിലെത്തുമ്പോള്‍ തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മസ്ജിദുന്നബവിയിലും മറ്റു പുണ്യ കേന്ദ്രങ്ങളിലും സഊദി ഭരണകൂടം ഒരുക്കിയിട്ടുണ്ട് . മദീനയില്‍ ഹജ്ജ് തീര്‍ഥാടകരടക്കം നിസ്‌കാരത്തിനത്തെുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി. തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ഇരുഹറം കാര്യാലയം അധികൃതര്‍ അറിയിച്ചു .

തീര്‍ഥാടകര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതിയും മദീന ആരോഗ്യ കാര്യാലയം ഒരുക്കിയിട്ടുണ്ട് . തീര്‍ഥാടകരുടെ താമസ കേന്ദ്രങ്ങളിലും മസ്ദജിദുന്നബവി പരിസരങ്ങളിലുമെല്ലാം അടിയന്തിര ചികില്‍സാ വിഭാഗങ്ങളും ആംബുലന്‍സ് സര്‍വീസുകളും സദാ പ്രവര്‍ത്തന സജ്ജമാണ്. ഹജ്ജിനായി എത്തിച്ചേര്‍ന്ന 7.79 ലക്ഷം വിദേശ ഹാജിമാരില്‍ പകുതിയിലധികം ഹാജിമാരും ജിദ്ദയിലാണ് വിമാനമിറങ്ങിയത്. ഇവരെല്ലാവരും വരും ദിവസങ്ങളില്‍ മദീന സന്ദര്‍ശനത്തിന് എത്തുന്നതോടെ പ്രവാചക നഗരി നിറഞ്ഞു കവിയും. മദീനയില്‍ ഹാജിമാര്‍ക്ക് ആവശ്യമായ സേവനങ്ങളില്‍ സഊദി കെഎംസിസി ഹജ്ജ് സെല്ലിന് കീഴില്‍ മദീന കെഎംസിസി പ്രവര്‍ത്തകര്‍ സര്‍വ സജ്ജരായി രംഗത്തുണ്ട്.

നാളെ എത്തുന്നത് 377 ഹാജിമാര്‍

നെടുമ്പാശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച ഹാജിമാരുടെ ആദ്യ സംഘം നാളെ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തും. 377 ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. ഇവരെയും വഹിച്ചു കൊണ്ടുള്ള സഊദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ രാത്രി 10.45 നാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നത്. ജൂണ്‍ നാലിന് മദീനയിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തിലെ തീര്‍ഥാടകരാണ് മടങ്ങിയെത്തുന്ന ആദ്യ സംഘത്തിലുള്ളത്. തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലായ ‘ടി 3’ യിലെ താഴത്തെ നിലയില്‍ പില്ലര്‍ നമ്പര്‍ എഴ്, എട്ട് ഭാഗങ്ങളിലൂടെയാണ് ഹാജിമാര്‍ പുറത്തേക്ക് എത്തുക. ഹാജിമാരെ സ്വീകരിക്കാനെത്തുന്നവര്‍ ഈ ഭാഗത്താണ് കാത്തുനില്‍ക്കേണ്ടത്. ഓരോ ഹാജിമാര്‍ക്കും അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം ടെര്‍മിനലിന് അകത്ത് വച്ച് തന്നെ നല്‍കും. ഇതിന് ആവശ്യമായ സംസം വെള്ളം സഊദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു.

Chandrika Web: