X

വസന്തം തേടുന്ന തീര്‍ഥയാത്ര-കെ.എന്‍.എ ഖാദര്‍

കലഹിക്കാന്‍ കാരണങ്ങള്‍ തേടി നടക്കുന്ന മനുഷ്യരുടെ കെട്ട കാലത്ത്, അവരെ ഒരുമിച്ചു നിര്‍ത്താന്‍ സാധ്യമാകുന്ന വസന്തകാലം തേടി മുന്നില്‍ നടക്കുന്ന മനുഷ്യന്‍. ആ മനുഷ്യ സ്‌നേഹിയുടെ പേരാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ത്യ വിഭജന കാലത്ത് പരസ്പരം കൊന്നും മരിച്ചും വര്‍ഗീയതയുടെ ആസുരത്വം അഴിഞ്ഞാടവെ, കലാപ ഭൂമിയിലൂടെ നിസ്സംഗനായി നടന്നുചെന്ന് കൊല്ലരുതനിയാ, കൊല്ലരുതെന്ന് ഉല്‍ഘോഷിച്ച മഹാത്മാഗാന്ധി ഇന്ത്യക്ക് പറഞ്ഞു കൊടുത്ത മാര്‍ഗം പൊടിതട്ടി പുറത്തെടുക്കാന്‍ കാലമായെന്ന് ഓര്‍മിപ്പിക്കുന്ന ഒരു രാജ്യ സ്‌നേഹിയാണ് സാദിഖലി തങ്ങള്‍. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 14 ജില്ലകളിലായി ജീവിക്കുന്ന മൂന്നര കോടി മലയാളികളുടെ മനസ്സറിയാനുള്ള പരിശ്രമമാണിത്. അതുകൊണ്ട് തന്നെ എല്ലായിടത്തും എല്ലാ മതസ്ഥരും ജനവിഭാഗങ്ങളും, സാംസ്‌കാരിക നായകന്മാരും ഒത്തുചേര്‍ന്ന് തങ്ങളെ വരവേല്‍ക്കുന്നു. കേരളത്തിനു പറയാനുള്ളതെല്ലാം നല്ലതും ചീത്തതും കേള്‍ക്കാന്‍ അദ്ദേഹം കാതുതുറന്ന് കാത്തിരിക്കുന്നു. ഇതൊരു പുത്തന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ മാതൃകയാണ്.

ആരോടും പരിഭവമില്ലാതെ ആരെയും കുത്തിമുറിവേല്‍പ്പിക്കാതെ ആരുടെ സങ്കടങ്ങളും തന്റെ സങ്കടങ്ങളായി ഏറ്റുവാങ്ങാന്‍ അദ്ദേഹം തയ്യാറാവുന്നു. ധര്‍മങ്ങള്‍ക്ക് അപചയം സംഭവിക്കാതിരിക്കാന്‍, സ്‌നേഹസ്പര്‍ശങ്ങള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍, തെറ്റിധാരണകളുടെ പൊടിപടലങ്ങള്‍ തുടച്ചുനീക്കാന്‍, ധാരണകള്‍ തിരുത്തിയെഴുതാന്‍, ശിഥിലമാവുന്ന ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ വേണ്ടിയാണീ തീര്‍ത്ഥയാത്ര. സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന നല്ലവരായ മനുഷ്യരാണ് മഹാഭൂരിപക്ഷവും. ജനിമൃതികളുടെ ചെറിയ ഇടവേളയാണ് ജീവിതം. മനുഷ്യര്‍ ഒറ്റക്ക് ജനിക്കുന്നു ഒറ്റക്ക് മരിക്കുന്നു. പരസ്പരം കണ്ടുമുട്ടുന്ന ഇടവേളകളില്‍ പിന്നെ നാം എന്തിനാണ് കലഹിക്കുന്നതെന്ന് ചോദിച്ച പൂന്താനത്തിന്റെ നാട്ടില്‍ നിന്നാണ് തങ്ങള്‍ പുറപ്പെട്ടത്. അനശ്വര സ്‌നേഹത്തിന്റെ കഥ പറയുന്ന ബദ്‌റുല്‍ മുനീറും ഹുസ്‌നുല്‍ ജമാലും രചിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യരാണ് ഈ സ്‌നേഹ യാത്രയുടെ താളം പകര്‍ന്ന കവി. പാട്ട ബാക്കി എഴുതിയ ചെറുകാടും, നാരായണീയം രചിച്ച മേല്‍പ്പത്തൂരും രാമായണത്തിലെ ആത്മീയത ഉയര്‍ത്തിക്കാണിച്ച തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛനും കവി ഇടശ്ശേരിയും പകര്‍ന്നു തന്ന സ്‌നേഹം ആര്‍ക്കു വിസ്മരിക്കാനാവും. എം.ടിയും, കമലാസുരയ്യയും കെ.എ കൊടുങ്ങല്ലൂരും എസ്.കെ പൊറ്റക്കാടും, എന്‍.പി മുഹമ്മദും വൈക്കം മുഹമ്മദ് ബഷീറും യു.എ ഖാദറും കുഞ്ചന്‍ നമ്പ്യാരും ഇവിടെ നിന്ന് ഏറെ അകലെയല്ല.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളെ കിടുകിടാ വിറപ്പിച്ച വാരിയന്‍ കുന്നത്തിന്റെയും ആലി മുസ്‌ല്യാരുടെയും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെയും കൂടി നാടിനെയാണ് സാദിഖലി തങ്ങള്‍ പ്രതിനിധീകരിക്കുന്നത്.

മമ്പുറം സയ്യിദലവി തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍ എന്നിവരും വിസ്മൃതിയിലാണ്ടുപോയ എണ്ണമറ്റ പോരാളികളും ജീവിച്ചു മരിച്ച നാടാണിത്. പാണക്കാട് കൊടപ്പനക്കല്‍ പൂക്കോയ തങ്ങളുടെ അനന്തരാവകാശം ആത്മീയമായും രാഷ്ട്രീയമായും വിടാതെ പിന്തുടരുന്ന ജനനായകനാണ് സയ്യിദ് സാദിഖലി തങ്ങള്‍. ബ്രിട്ടീഷ് പട്ടാളം ചവിട്ടിയരച്ചു കളഞ്ഞതും പൂര്‍വ പിതാക്കളുടെ രക്തം കൊണ്ടു ചുവന്നതുമായ മണ്ണിനെ കുഴച്ചു പുതിയൊരു ജീവിതം പണിത മനുഷ്യരുടെ നാടുമാണിത്്. ഇന്ത്യയൊട്ടാകെ സമാധാനപരമായ സഹവര്‍ത്തിത്ത്വം പുലരണമെന്നാഗ്രഹിക്കുന്ന മുസ്‌ലിംലീഗാണ് ഈ യാത്രയുടെ സംഘാടനം.

വര്‍ഗീയത, വംശീയത, ഭീകരത, തീവ്രവാദം, ഏകാധിപത്യം, അഴിമതി, അനാചാരങ്ങള്‍ എന്നിവ ഇല്ലാതെയാക്കാനും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാനുമാണ് ഈ സൗഹൃദയാത്ര പുറപ്പെട്ടത്. മതന്യൂനപക്ഷങ്ങള്‍, പിന്നാക്കക്കാര്‍, ദലിതര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ഉന്നമനം യാത്ര ലക്ഷ്യമാക്കുന്നു. വികസനരംഗത്ത് ഒരു പുതുചരിത്രം രചിച്ചു മുന്നേറുന്ന മുസ്‌ലിംലീഗ് പാര്‍ട്ടിയാണ് ഈ ജാഥയെ ആവിഷ്‌ക്കാരം നിര്‍വഹിച്ചത്. പരിസ്ഥിതി ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്താത്ത സുസ്ഥിര വികസനത്തിലൂടെ സര്‍വ മനുഷ്യരുടെയും മികവാര്‍ന്ന ജീവിതമാണ് പാര്‍ട്ടി ലക്ഷ്യമാക്കുന്നത്. ഈ യാത്രയുടെ സന്ദേശം ആര്‍ക്കും എതിരല്ല. ആരെയും ശത്രുവാക്കാനല്ല. ശത്രുതക്ക് മൂര്‍ച്ച കൂട്ടാനല്ല, വിദ്വേഷ പ്രചാരണത്തിനോ അല്ല മറിച്ചു വെറുപ്പിന്റെ വേരറുക്കാനാണ്, എല്ലാ മുറിവുകളിലും മരുന്നു പുരട്ടാനാണ്. എല്ലാവരെയും ആശ്വസിപ്പിക്കാനും അനുനയിപ്പിക്കാനുമാണ്.

എല്ലാ മതങ്ങളുടെ അടിസ്ഥാന തത്വം മഹത്തായ മനുഷ്യ സ്‌നേഹമാണ്. എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളും ലക്ഷ്യമാക്കുന്നതും മികച്ച മനുഷ്യ ജീവിതവുമാണ്. ഇതു രണ്ടും വിസ്മരിച്ചു പോകയാല്‍ സംഭവിച്ച താളപ്പിഴക്ക് അന്ത്യം കുറിക്കണം. മനസ്സും വാക്കും കര്‍മവും ശുദ്ധീകരിക്കപ്പെടുന്നു. സര്‍വോപരി ഇന്ത്യയും കേരളവും ലോകവും എല്ലാ മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും അന്ത്യംവരെ ശാന്തമായി ജീവിക്കത്തക്ക ഇടങ്ങളായി മാറണം. സയ്യിദ് സാദിഖലി തങ്ങളുടെ ഈ യത്‌നം പുതിയൊരു വസന്തകാലം തേടിയുള്ള തീര്‍ഥയാത്രയാണ്.

Chandrika Web: