പാകിസ്ഥാനില്‍ നിന്ന് തീര്‍ത്ഥാടകരുമായി ഇറാഖിലേയ്ക്ക് വരികയായിരുന്നു ബസ് മറിഞ്ഞ് 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിലെ യാസ്ദിലാണ് അപകടം നടന്നത്. പാകിസ്താന്‍ റേഡിയോയാണ് അപകട വിവരം റിപ്പോര്‍ട്ട് ചെയ്തത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും പാകിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയായ ലാര്‍കാന നഗരത്തില്‍ നിന്നുള്ളവരാണ്
മധ്യ ഇറാനിയന്‍ പ്രവിശ്യയായ യാസ്ദില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടത്തില്‍ 18ഓളം പേര്‍ക്ക് പരിക്കേറ്റതായും പാകിസ്താനിലെ ഡോണ്‍ ന്യൂസ് ടിവി വ്യക്തമാക്കി. പ്രദേശത്തെ ആശുപത്രിയിലെത്തിച്ച് ഇവര്‍ക്ക് അടിയന്തര ചികിത്സ നല്‍കിയതായും ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
‘അപകടത്തില്‍ 11 സ്ത്രീകള്‍ക്കും 17 പുരുഷന്മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പരിക്കേറ്റവരില്‍ 7 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ആറ് പേര്‍ ആശുപത്രി വിട്ടു’വെന്നും യാസ്ദ് പ്രവിശ്യയിലെ ദുരിത മാനേജ്‌മെന്റ് ഡയറക്ടറെ ഉദ്ധരിച്ച് ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. അര്‍ബെയിന്‍ അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകയായിരുന്നു തീര്‍ത്ഥാടകര്‍.