മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ മുസ്്‌ലിം വിമത പോരാളികള്‍ ജയില്‍ തകര്‍ത്ത് 158 തടവുകാരെ മോചിപ്പിച്ചു. നൂറിലേറെ പേരടങ്ങുന്ന സംഘമാണ് ജയില്‍ ആക്രമിച്ചത്. സൈന്യവും പൊലീസും അക്രമികളുമായി ഏറ്റുമുട്ടുന്നതിനിടെ ആറു തടവുകാര്‍ കൊല്ലപ്പെട്ടു. എട്ടുപേരെ പിടികൂടി. ചിലര്‍ തിരിച്ചുവന്നിട്ടുണ്ട്. കിദാപവന്‍ നഗരത്തിലെ നോര്‍ത്ത് കൊതാബാതോ ജില്ലാ ജയിലില്‍ പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രണ്ട്(ഐ.ഐ.എല്‍.എഫ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ആക്രമണം നടക്കുമ്പോള്‍ ജയിലില്‍ 1,511 തടവുകാരുണ്ടായിരുന്നു.
ഏറ്റുമുട്ടല്‍ രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നാലു പതിറ്റാണ്ടായി ഫിലിപ്പീന്റെ തെക്കന്‍ ദ്വീപുകളില്‍ ഐ.ഐ.എല്‍.എഫും ഫിലിപ്പീന്‍ സേനയും തമ്മില്‍ പോരാട്ടം തുടരുകയാണ്. മോറോ വിഭാഗക്കാര്‍ക്ക് സ്വയംഭരണം വേണമെന്നാണ് ഐ.ഐ.എല്‍.എഫിന്റെ ആവശ്യം. മുമ്പും ഫിലിപ്പീന്‍സില്‍ നിരവധി ജയിലുകള്‍ ആക്രമിച്ച് സംഘടന തടവുകാരെ മോചിപ്പിച്ചുട്ടുണ്ട്. ആഗസ്തില്‍ മറ്റൊരു വിമത സംഘടന ജയില്‍ തകര്‍ത്ത് 23 പേരെ മോചിപ്പിച്ചിരുന്നു.