X

കുട്ടിന്യോ ബാര്‍സയില്‍; മൂന്നാഴ്ച കളിക്കില്ല

ബാര്‍സലോണ: ലിവര്‍പൂളില്‍ നിന്ന് 160 ദശലക്ഷം യൂറോ എന്ന വന്‍ തുകയ്ക്ക് ട്രാന്‍സ്ഫറായെത്തിയ ഫിലിപ് കുട്ടിന്യോയെ ബാര്‍സലോണ കാണികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കഴിഞ്ഞതോടെ കൂടുമാറ്റം പൂര്‍ത്തിയായ താരം അഞ്ചര വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് ക്ലബ്ബുമായി ഒപ്പുവെച്ചത്. പരിക്കു കാരണം മൂന്നാഴ്ചയായി വിശ്രമത്തിലുള്ള താരം കാംപ്നൗ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്കു മുന്നില്‍ അല്‍പനേരം പന്തു തട്ടി.

മഹത്തായ ചരിത്രമുള്ള ബാര്‍സലോണ ക്ലബ്ബില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്നും തനിക്ക് സ്വീകരണമൊരുക്കിയതില്‍ ആരാധകരോടും സമൂഹ മാധ്യമങ്ങളോടും നന്ദി പറയുന്നതായും കുട്ടിന്യോ വ്യക്തമാക്കി. അധികം വൈകാതെ ബാര്‍സ ജഴ്‌സിയില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.

 

ബാര്‍സയുടെ ഏറ്റവും വില കൂടിയ കളിക്കാരനും ഫുട്‌ബോള്‍ ചരിത്രത്തിലെ വിലകൂടിയ മൂന്നാമത്തെ കളിക്കാരനുമാണ് കുട്ടിന്യോ. കഴിഞ്ഞ വേനലില്‍ ബാര്‍സ വിട്ട് പി.എസ്.ജിയിലേക്ക് കൂടുമാറിയ നെയ്മര്‍ (222 ദശലക്ഷം യൂറോ) ആണ് ഏറ്റവും വില കൂടിയ ഫുട്‌ബോളര്‍. അടുത്ത സീസണില്‍ പി.എസ്.ജിയിലേക്ക് ഔദ്യോഗികമായി ട്രാന്‍സ്ഫറാകുന്ന കെയ്‌ലിയന്‍ എംബാപ്പെ (180 ദശലക്ഷം) ആണ് രണ്ടാം സ്ഥാനത്ത്.

 

തുടയില്‍ പരിക്കുള്ള കുട്ടിന്യോയ്ക്ക് ജനുവരിയില്‍ കളിക്കാന്‍ കഴിയില്ലെന്ന് ബാര്‍സ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്ക് ഭേദമാകാന്‍ 20 ദിവസമെങ്കിലും താരത്തിന് ആവശ്യമാണ്. അടുത്ത വ്യാഴാഴ്ച സെല്‍റ്റ വിഗോയ്‌ക്കെതിരായ കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ രണ്ടാം പാദം, ലാലിഗയിലെ റയല്‍ സോഷ്യദാദ്, റയല്‍ ബെറ്റിസ് മത്സരങ്ങള്‍ എന്നിവ ബ്രസീല്‍ താരത്തിന് നഷ്ടമാവും.

chandrika: