മെയ് 19ന് വോട്ടെടുപ്പ് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തേയും അവസാനത്തേതുമായ ഘട്ടം ഭരണ കക്ഷിയായ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഗ്നി പരീക്ഷയാവും. 483 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി ശേഷിക്കുന്ന 59 സീറ്റുകളിലാണ് എല്ലാ ശ്രദ്ധയും. മോദി സര്‍ക്കാറിനെതിരെ ശക്തമായ അടിയൊഴുക്ക് തെരഞ്ഞെടുപ്പിലുണ്ടായെന്ന് പല വിദഗ്ധരും വ്യക്തമാക്കിയതോടെ അവസാന ഘട്ട വോട്ടെടുപ്പില്‍ പരമാവധി സീറ്റുകള്‍ കരസ്ഥമാക്കാനായി ബി.ജെ.പിയും കോണ്‍ഗ്രസും അരയും തലയും മുറുക്കി രംഗത്തുണ്ട്.
യു.പി (13), പഞ്ചാബ് (13), പശ്ചിമ ബംഗാള്‍ (9), ബിഹാര്‍ (8), മധ്യപ്രദേശ് (8), ഹിമാചല്‍ പ്രദേശ് (4), ജാര്‍ഖണ്ഡ് (3), ചണ്ഡീഗഡ് (1) എന്നീ മണ്ഡലങ്ങളിലേക്കാണ് 19ന് വോട്ടെടുപ്പ്. 2014ല്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന 59ല്‍ 33 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ 10 ഇടത്തും വിജയിച്ചിരുന്നു. ഒമ്പത് ഇടത്ത് ടി.എം.സിയും നാലിടത്ത് എ.എ.പിയും മൂന്നിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ജെ.എം.എം, ഒരിടത്ത് ജനതാദള്‍ യുവുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ ഇത്തവണ യു.പിയിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വലിയ പ്രതീക്ഷകള്‍ക്ക് വകയില്ല.
യു.പിയില്‍ ബി.എസ്.പി-എസ്.പി, ആര്‍.എല്‍.ഡി സഖ്യവും മധ്യപ്രദേശില്‍ കോണ്‍ഗ്രസും കടുത്ത പോരാട്ടമാണ് നടത്തുന്നത്. പഞ്ചാബില്‍ കഴിഞ്ഞ തവണ നേട്ടമുണ്ടാക്കിയ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിനും ആപിനും ഇത്തവണ കോണ്‍ഗ്രസിനു മുന്നില്‍ കാലിടറാനാണ് സാധ്യത. ബിഹാറിലും വിശാല സഖ്യം എന്‍.ഡി.എ സീറ്റുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് കരുതുന്നത്.
അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ കടുത്ത പ്രചാരണമാണ് നടക്കുന്നത്. പഞ്ചാബിലെ 13 സീറ്റുകളിലായാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പ്രചാരണത്തിലുണ്ട്. രാഹുല്‍ ഗാന്ധി ലുധിയാനയിലും ഹൊഷിയാര്‍പൂരിലും ഇന്നലെ പ്രചരണത്തിനെത്തി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ മിന്നുംതാരമായ പഞ്ചാബ് മന്ത്രി കൂടിയായ നവജ്യോത് സിങ് സിദ്ദു അവസാന ഘട്ട പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യഘട്ടം മുതല്‍ പ്രചാരണരംഗത്ത് സജീവമായിരുന്ന സിദ്ദുവിന് തുടര്‍ച്ചയായി പ്രസംഗിച്ചതിനാല്‍ തൊണ്ടയ്ക്ക് തകരാറ് സംഭവിച്ചിരുന്നു.
ബിജെപിക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പ്രചാരണത്തിനെത്തും. അതേസമയം മധ്യപ്രദേശിലെ മഹാകാളിശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ആവേശ പ്രചാരണത്തിന് തുടക്കമിട്ടത്. ശേഷം ഇന്‍ഡോറിലെ റോഡ്‌ഷോയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.
ആറു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം കൊയ്യാനായിട്ടില്ലെന്നാണ് പാര്‍ട്ടി തന്നെ കരുതുന്നത്. ഈ സാഹചര്യത്തില്‍ അവസാന ഘട്ടം പാര്‍ട്ടിക്ക് ഏറെ നിര്‍ണായകമാണ്. കോണ്‍ഗ്രസിനും ഇത്തവണ തിരിച്ചു വരവിന് വഴിയൊരുക്കാന്‍ അവസാന ഘട്ടത്തിലെ മണ്ഡലങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.