X

നാലാംഘട്ടം നാളെ; 71 മണ്ഡലങ്ങള്‍ കൂടി ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പരസ്യ പ്രചാരണത്തിനും കൊടിയിറങ്ങി നാളെ വോട്ടിങ് നടക്കുന്ന മണ്ഡലങ്ങള്‍ ഇന്ന് നിശബ്ദ പ്രചരണത്തിലാണ്. ഒമ്പത് സംസ്ഥാനങ്ങളിലായി 71 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെയാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ബിഹാര്‍(അഞ്ച്), ഝാര്‍ഖണ്ഡ്(മൂന്ന്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (17), ഒഡീഷ (ആറ്), രാജസ്ഥാന്‍ (13), ഉത്തര്‍പ്രദേശ് (13), പശ്ചിമബംഗാള്‍ (എട്ട്) എന്നിവിടങ്ങളിലും ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുല്‍ഗാം ജില്ലയിലുമാണ് നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ അവസാന നിമിഷം വരെ നിലനിന്നത്. കൊട്ടിക്കലാശം നടക്കുന്ന മണ്ഡലങ്ങള്‍ ഒഴിവാക്കിയെങ്കിലും പ്രമുഖ നേതാക്കളെല്ലാം നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രചാരണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലും സീതാപൂരിലുംബി.ജെ. പി റാലികളില്‍ പങ്കെടുത്തപ്പോള്‍ അമിത് ഷാ ഝാര്‍ഖണ്ഡിലെ പാലമു, ഒഡീഷയിലെ മയൂര്‍ബഞ്ച്, ജെയ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ ക്യാമ്പ് ചെയ്തത് പരമ്പരാഗത മണ്ഡലങ്ങളായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും അമേത്തിയിലുമായിരുന്നു. ഉത്തര്‍പ്രദേശിലെ തന്നെ മറ്റു മണ്ഡലങ്ങളിലായിരുന്നു എ.ഐ.സി. സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണം.
എസ്.ബി – ബി.എസ്.പി സഖ്യവും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന യു.പിയിലും കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രാജസ്ഥാനിലെ അഞ്ച് മണ്ഡലങ്ങളുമാണ് പ്രചാരണത്തിന് ഏറ്റവും ചൂടേറിയത്. രാജസ്ഥാനിലെ ദര്‍ഭംഗ, ഉജ്ജിയാര്‍പൂര്‍, സമസ്തിപൂര്‍, ബേഗുസരായ്, മുംഗര്‍ എന്നിവിടങ്ങളില്‍ പ്രചാരണം ആവേശത്തിന്റെ കൊടുമുടി കയറി.

ഇതിനിടെ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം ഇന്നലെ അവസാനിച്ചതോടെ ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും ചിത്രം വ്യക്തമായി. ഏഴു സംസ്ഥാനങ്ങളിലായി 59 ലോക്‌സഭാമണ്ഡലങ്ങളാണ് മെയ് 12ന് നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുക. ഉത്തര്‍പ്രേദശില്‍ 174ഉം ഡല്‍ഹിയില്‍ 164ഉം ബിഹാറില്‍ 127ഉം സ്ഥാനാര്‍ത്ഥികളാണ് ആറാംഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

chandrika: