X

അംഗീകാരമില്ലാതെ ഫാര്‍മസി അസിസ്റ്റന്റ് കോഴ്‌സുകള്‍; വഞ്ചിതരായി വിദ്യാര്‍ഥികള്‍

സംസ്ഥാനത്ത് ഫാര്‍മസി അസിസ്റ്റന്റ് കോഴ്‌സ് എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ പെരുകുന്നു. വ്യാപക പ്രചാരണം നടത്തിയാണ് ഇത്തരക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുന്നത്. വന്‍ തുക കോഴ്‌സ് ഫീസായി പിരിച്ച് നടത്തുന്നകോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മരുന്നു കൈകാര്യം ചെയ്യാനുള്ള അംഗീകാരം ഇല്ല എന്ന കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയാണ്.

മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന ഫാര്‍മസി മേഖലയില്‍ ഏറ്റവും താഴ്ന്നത് രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഫാര്‍മസി കോഴ്‌സാണ്. ഈ കോഴ്‌സ് കഴിഞ്ഞ് 500 മണിക്കൂര്‍ ട്രൈനിംഗും നേടി സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്യുമ്പോഴാണ് ഒരു ഫാര്‍മസിസ്റ്റ് ആവുന്നത്. കൂടാതെ നാലു വര്‍ഷത്തെ ബി.ഫാം, എം.ഫാം, ആറു വര്‍ഷത്തെ ഫാം.ഡി എന്നിവയാണ് മറ്റു കോഴ്‌സുകള്‍. ഇവ നടത്തുന്നതിന് ഫാര്‍മസി വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കുകയും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരവും വേണം. ഈ യോഗ്യത നേടിയവര്‍ക്കേ രാജ്യത്ത് ഫാര്‍മസിസ്റ്റ് ആയി പ്രവര്‍ത്തിക്കാനാവൂ. മരുന്നുകളുടെ ഫോര്‍മുലേഷന്‍, ചേരുവകള്‍, പ്രവര്‍ത്തന രീതി, ഉപയോഗം, പാര്‍ശ്വഫലങ്ങള്‍, ഉപയോഗ നിര്‍ദേശങ്ങള്‍, സൂക്ഷിപ്പ്, ഗുണനിലവാര പരിശോധന, ശരീരശാസ്ത്രം, രോഗാണു ശാസ്ത്രം തുടങ്ങി 20ലധികം വിഷയങ്ങളാണ് ഫാര്‍മസി പഠനത്തിലുള്ളത്.

യോഗ്യത നേടിയ ഫാര്‍മസിസ്റ്റുകള്‍ക്കേ മരുന്നുകള്‍ നല്‍കാന്‍ രാജ്യത്ത് അനുമതിയുള്ളൂ. മരുന്നുകളോടൊപ്പം ഉപയോഗ നിര്‍ദേശങ്ങള്‍, പാര്‍ശ്വ ഫല മുന്നറിയിപ്പുകള്‍ എന്നിവയും രോഗിക്ക് നല്‍കണം. 1948 ലെ ഫാര്‍മസി നിയമം സെക്ഷന്‍ 42 പ്രകാരം ഫാര്‍മസി യോഗ്യത ഇല്ലാത്തവര്‍ മരുന്ന് കൈകാര്യം ചെയ്താല്‍ ആറുമാസം തടവും 1000 രൂപ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്നതാണ്.

നിലവില്‍ 75000ത്തിലധികം പേര്‍ കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പകുതിയിലധികവും തൊഴില്‍ ലഭിക്കാത്തവരാണ്. സംസ്ഥാനത്തെ 25ഓളം ഫാര്‍മസി കോളജുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഫാര്‍മസി കോഴ്‌സുകള്‍ പഠിച്ച് ഓരോ വര്‍ഷവും പുറത്തിറങ്ങുന്നുണ്ട്. ഇവരുടെ അവസരമാണ് അംഗീകാരമില്ലാത്ത കോഴ്‌സു കഴിഞ്ഞ, യോഗ്യത ഇല്ലാത്തവരെ നിയോഗിച്ച് ഇല്ലാതാക്കുന്നത്. നിലവില്‍ മെഡിക്കല്‍ ഷോപ്പുകളിലും സ്വകാര്യ ആശുപത്രികളിലുമാണ് ഇത്തരം അസിസ്റ്റന്റുമാര്‍ എന്ന പേരില്‍ അയോഗ്യരെ നിയമിക്കുന്നത്. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യിപ്പിക്കുന്ന ഇവര്‍ മരുന്നു കൈകാര്യം ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

അംഗീകൃത ഫാര്‍മസിസ്റ്റിനു പകരം അസിസ്റ്റന്റുമാരെ നിയോഗിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കാന്‍ സംവിധാനമുണ്ടെങ്കിലും അധികൃതര്‍ കണ്ണടക്കുകയാണ്. വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന അംഗീകാരമില്ലാത്ത ഫാര്‍മസി കോഴ്‌സുകള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീനിയര്‍ ഫാര്‍മസിസ്റ്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

 

Test User: