X

ഫലസ്തീന്‍: ദ്വിരാഷ്ട്ര ഫോര്‍മുല ട്രംപ് ഉപേക്ഷിക്കുന്നു

വാഷിങ്ടണ്‍: ഇസ്രാഈല്‍-ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ദ്വിരാഷ്ട്ര ഫോര്‍മുലയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന ആശയത്തെ പുതിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കുന്നില്ല. അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രംപ് നടത്തുന്ന ചര്‍ച്ചകള്‍ ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയെ മാറ്റിനിര്‍ത്തിക്കൊണ്ടായിരിക്കുമന്ന് അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഫലസ്തീനിലെ ജൂത കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഇറാനുമായുള്ള ആണവ കരാര്‍, സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്യും. ഇസ്രാഈലിനെ സുഖിപ്പിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ടെല്‍അവീവിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന ആശയത്തോട് ട്രംപിന് ഒട്ടും യോജിപ്പില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. യു.എസ് എംബസി മാറ്റത്തെക്കുറിച്ച് അദ്ദേഹം നെതന്യാഹുവുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നു.

ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാനത്തെ ട്രംപ് അനുകൂലിക്കുന്നുണ്ടെങ്കിലും ദ്വിരാഷ്ട്ര ഫോര്‍മുല ഒത്തുതീര്‍പ്പ് കരാറിന്റെ ഭാഗമാകില്ലെന്ന് ഒരു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രണ്ടു പതിറ്റാണ്ടായി ദ്വിരാഷ്ട്ര ഫോര്‍മുലയായിരുന്നു പശ്ചിമേഷ്യന്‍ സമാധാനത്തിന്റെ അടിസ്ഥാന തത്വമായി അമേരിക്ക കണ്ടിരുന്നത്. യു.എസ് പ്രസിഡന്റുമാരുടെ പ്രസ്താവനകളും ആ വഴിക്കായിരുന്നു. എന്നാല്‍ അതിനെ പൂര്‍ണമായും തള്ളിക്കളഞ്ഞ് മുന്നോട്ടുപോകാനാണ് ട്രംപിന്റെ തീരുമാനം.

1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ പിടിച്ചെടുത്ത കിവക്കന്‍ ജറൂസലമിനെ തലസ്ഥാനമാക്കി വെസ്റ്റ്ബാങ്കിനെയും ഗസ്സയെയും ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രമമെന്ന സ്വപ്‌നമാണ് ഫലസ്തീനികള്‍ മുന്നോട്ടുവെക്കുന്നത്. സമാധാനത്തിന് തുരങ്കംവെക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നതെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി.എല്‍.ഒ) നേതാവ് ഹനാന്‍ അഷ്‌റാവി പറഞ്ഞു.

chandrika: