കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ഖരക്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ മൂന്ന് മുന്‍നിര സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്‌സ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വലിയ അളവിലുള്ള വിവരങ്ങള്‍ ശേഖരിച്ച് സാംഖ്യക തത്ത്വങ്ങള്‍ ഉപയോഗിച്ച് അവ വിശകലനം ചെയ്ത് ഒരു സംവിധാനത്തിന്റെ രീതി മനസ്സിലാക്കുക, ഭാവി സൂചനകള്‍ കണ്ടെത്തുക തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ബിസിനസ് അനലറ്റിക്‌സ്. മള്‍ട്ടിനാഷണല്‍ കമ്പനികളിലും പ്രാദേശിക കമ്പനികളിലും തൊഴില്‍ സാധ്യതയുള്ള ഈ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്.
അപേക്ഷകര്‍ക്ക്, ബിരുദം/ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്/10 പോയിന്റ് സ്‌കെയിലില്‍ 6.5 CGPA നേടിയിരിക്കണം. പട്ടികവിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് /10 പോയിന്റ് സ്‌കെയിലില്‍ 6.0 മതി. യോഗ്യതാ പരീക്ഷയുടെ അന്തിമ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.pgdba.iitkgp.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.